മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' Source: X
ENTERTAINMENT

"സർപ്രൈസുകളുണ്ടാകും ഫാൻ മൊമന്റുകളും": 'പേട്രിയറ്റ്' സിനിമയെപ്പറ്റി മഹേഷ് നാരായണൻ

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാകും 'പേട്രിയറ്റ്' എന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 2026ൽ മലയാളികൾ ഏവരും കാത്തിരിക്കുന്ന സിനിമയാണ് 'പേട്രിയറ്റ്'. ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം. ഇവർക്കൊപ്പം ഒരു വലിയ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. 'ടേക്ക് ഓഫ്', 'സീ യൂ സൂണ്‍', 'മാലിക്' തുടങ്ങിയ ചിത്രങ്ങളിലൂടെ മികവ് തെളിയിച്ച മഹേഷ് നാരായണനാണ് പാന്‍ ഇന്ത്യന്‍ സിനിമയായൊരുങ്ങുന്ന 'പേട്രിയറ്റി'ന്റെ സംവിധാനം.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാകും 'പേട്രിയറ്റ്' എന്നാണ് സൂചന. സിനിമയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ സിനിമയിലുള്ള ആകാംക്ഷ ഇരട്ടിപ്പിച്ചുകൊണ്ട് ചെറിയ ചില സൂചനകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. സർപ്രൈസുകളും ഫാൻ മൊമന്റുകളുമുള്ള കൊമേഷ്യൽ ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് മഹേഷ് പറയുന്നത്. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.

"ഒരുപാട് സർപ്രൈസുകൾ ഉള്ള സിനിമയാണ് പേട്രിയറ്റ്. ഒരു കൊമേഷ്യൽ റൈഡ് ആയിട്ടാണ് ഞാൻ ഈ ചിത്രത്തെ കാണുന്നത്. എഴുതിക്കഴിഞ്ഞപ്പോൾ മമ്മൂക്കയോട് പറയാം എന്ന് തോന്നിപ്പോയൊരു കഥയാണ്. അത് കഴിഞ്ഞിട്ടാണ് ഈ സിനിമ വളർന്നത്. ലാൽ സാർ വന്നു. ഫഹദ്, ചാക്കോച്ചൻ, രേവതി ചേച്ചി അങ്ങനെ നിരവധി പേർ വന്നു. എന്നാൽ കഴിയുന്ന രീതിയിൽ, ഒരു കൊമേർഷ്യൽ സിനിമ അവതരിപ്പിക്കാൻ പറ്റുന്നത് ചെയ്തിട്ടുണ്ട് , അതിനകത്ത് ഒരു പുതിയ ലാംഗ്വേജ് ഞാൻ ട്രൈ ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇത് പരീക്ഷിച്ച് വിജയിച്ച ഫോർമുലയാണോ എന്ന് ചോദിച്ചാൽ പറയാൻ സാധിക്കില്ല. ഒരു യൂണിക്‌ ഫാക്ടർ സിനിമയിലുണ്ടാകും. ഒപ്പം പൊളിറ്റിക്കൽ കൂടിയാണ് ചിത്രം. ഫാൻ മൊമെന്റുകൾ തീർച്ചയായും സിനിമയിൽ ഉണ്ട്, എന്നാണ് മഹേഷ് നാരായണൻ പറഞ്ഞത്.

ഏപ്രിൽ 23നാണ് 'പേട്രിയറ്റ്' തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിനുശേഷം ഒരുമിക്കുന്ന സിനിമ എന്നതു മാത്രമല്ല 'പേട്രിയറ്റി'ന്റെ പ്രത്യേകത. മലയാള സിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യം തന്നെ ചിത്രത്തിലുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുതല്‍ ദര്‍ശന രാജേന്ദ്രനും സെറിന്‍ ഷിഹാബും വരെ നീളുന്നു ആ പട്ടിക. ഇതിനൊപ്പം നയന്‍താര കൂടിയാകുമ്പോള്‍ രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ നക്ഷത്രത്തിളക്കമാണ് 'പേട്രിയറ്റി'നുള്ളത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവര്‍ക്കൊപ്പം 'മദ്രാസ് കഫേ', 'പത്താന്‍' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സംഗീതമൊരുക്കുകയും ചെയ്യുന്ന സുഷിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍', 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

SCROLL FOR NEXT