മലൈക അറോറയും മകന്‍ അർഹാന്‍ ഖാനും Source: X
ENTERTAINMENT

"ഇങ്ങനെ നൃത്തം ചെയ്യരുത്"; മകനാണ് തന്റെ പ്രധാന വിമർശകനെന്ന് മലൈക അറോറ

'തമ്മ'യിലെ 'പോയിസണ്‍ ബേബി' ആണ് മലൈക അറോറയുടെ ഏറ്റവും പുതിയ ഡാന്‍സ് നമ്പർ

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഐക്കോണിക്കായ നിരവധി ഗാനങ്ങളിലെ നൃത്തച്ചുവടുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ബോളിവുഡ് നടിയാണ് മലൈക അറോറ. ചയ്യ ചയ്യ, മുന്നി ബദ്‌നാം ഹുയി, തുടങ്ങിയ ഗാനങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രശസ്തയാണ് നടി. എന്നാല്‍, മകന്‍ അർഹാന്‍ ഖാന്‍ തന്റെ ഡാന്‍സ് നമ്പരുകളുടെ വിമർശകനാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക അറോറ.

ഈ രീതിയില്‍ നൃത്തം ചെയ്യരുതെന്ന് മകന്‍ തന്നോട് പറയാറുണ്ടെന്ന് നടി വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന 'തമ്മ' എന്ന ചിത്രത്തിലെ 'പോയിസണ്‍ ബേബി' എന്ന ഡാന്‍സ് നമ്പറിന്റെ ലോഞ്ചിങ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു നടി. അർഹാന്‍ മികച്ച ഒരു ഡാന്‍സറാണെന്നും തന്റെ ഡാന്‍സിങ് ജീനാണ് മകന് ലഭിച്ചതെന്നും ചടങ്ങില്‍ മലൈക പ്രസംഗിച്ചു.

അർഹാന്‍ പുതിയ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിക്കാറുണ്ടെന്നും പലപ്പോഴും അവ തനിക്കൊപ്പം പരിശീലിക്കാറുണ്ടെന്നും മലൈക അറോറ പറഞ്ഞു. തന്റെ നൃത്തച്ചുവടുകള്‍ ഇഷ്ടമാണെങ്കിലും സത്യസന്ധമായ വിമർശനങ്ങൾ ഉന്നയിക്കാന്‍ അർഹാന്‍ മടിക്കാറില്ലെന്നും നടി കൂട്ടിച്ചേർത്തു. ദബാങ്ങിലെ 'മുന്നി ബദ്‌നാം ഹുയി' ആണ് മകന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ഗാനമെന്നും നടി പറഞ്ഞു. മലൈകയുടെ മുന്‍ ഭർത്താവും അർഹാന്റെ പിതാവുമായ അർബാസിന്റെ സഹോദരന്‍ കൂടിയായ സല്‍മാന്‍ ഖാന് ഒപ്പമാണ് ഈ ഗാനരംഗത്തില്‍ മലൈക പ്രത്യക്ഷപ്പെടുന്നത്.

'തമ്മ'യിലെ പോയിസണ്‍ ബേബി ആണ് മലൈക അറോറയുടെ ഏറ്റവും പുതിയ ഡന്‍സ് നമ്പർ. ഈ ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. ജാസ്മിൻ സാൻഡ്‌ലാസ്, സച്ചിൻ-ജിഗർ, ദിവ്യ കുമാർ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന പൊയ്‌സൺ ബേബിയിൽ രശ്മിക മന്ദാനയ്ക്ക് ഒപ്പമാണ് മലൈക നൃത്തം ചെയ്യുന്നത്.

മാഡോക്ക് ഫിലിംസിന്റെ ഹൊറർ കോമഡി സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് 'തമ്മ'. സ്ത്രീ, ഭേഡിയാ, മൂഞ്ജിയ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മാഡോക്ക് ഫിലിംസ് മറ്റൊരു ഹൊറർ കോമഡി പുറത്തിറക്കുന്നത്. 'മൂഞ്ജിയ' എടുത്ത ആദിത്യ സർപോത്ദാർ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിരേൻ ഭട്ട്, സുരേഷ് മാത്യു, അരുൺ ഫലാര എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജനും 'സ്ത്രീ' സംവിധായകൻ അമർ കൗശിക്കും ചേർന്നാണ് നിർമാണം.

SCROLL FOR NEXT