കൊച്ചി: ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയുടെ വഴിയിലേക്ക്. ഉദയംപേരൂർ കണ്ടനാട് പുന്നച്ചാലിൽ പാടത്ത് നെല്ല് വിത്ത് വിത മഹോത്സവം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. നടൻ മണികണ്ഠൻ ആചാരിയും ധ്യാനിനൊപ്പം നെൽ കൃഷിയിൽ പങ്കാളി ആകുന്നുണ്ട്.
കൃഷിയോടുള്ള ആഭിമുഖ്യം കൊണ്ടാണ് അച്ഛൻ ഇവിടെ കൃഷി തുടങ്ങിയതെന്ന് ധ്യാൻ പറഞ്ഞു. ലാഭനഷ്ടം നോക്കാതെ എല്ലാവരും ഇത്തരം ജൈവ കൃഷിയിൽ പങ്കാളി ആകണമെന്നും നടന്‍ ആഹ്വാനം ചെയ്തു.
"അച്ഛന്റെ അച്ഛന്‍ ഒരു കർഷകനായിരുന്നു. അതുകൊണ്ട്, പുള്ളിക്ക് അതിനോടൊരു ആഭിമുഖ്യം ചെറുപ്പം മുതല്‍ ഉണ്ടായതു കൊണ്ടും ജൈവ കൃഷിയോടുള്ള താല്‍പ്പര്യം കൊണ്ടുമാണ് കൃഷിയിലേക്ക് ഇറങ്ങിയത്. ഇത്തവണ കൃഷി ചെയ്യുമ്പോള്‍ മണികണ്ഠന്‍ ആചാരിയും കൂടെ ചേരുന്നുവെന്ന് പറഞ്ഞു. അടുത്ത വർഷം നിങ്ങള്‍ക്കും കൂടാം. ആർക്ക് വേണമെങ്കിലും പങ്കാളികളാകാം എന്ന ആശയമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്," ധ്യാന്‍ പറഞ്ഞു.
കണ്ടനാട് പാടശേഖര സമിതിക്കൊപ്പമാണ് നടന്‍ കൃഷി ഇറക്കുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന വിത മഹോത്സവം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് വിത മഹോത്സവം നടന്നത്. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി പരിപാടിയില്‍ അധ്യക്ഷയായി.
13 വർഷം മുൻപ് ശ്രീനിവാസൻ ആരംഭിച്ച നെൽ കൃഷി ആണ് ഇപ്പോൾ മകൻ ഏറ്റെടുത്തിരിക്കുന്നത്. വീടിന് സമീപത്തുള്ള രണ്ടര ഏക്കറിൽ നടത്തിയ കൃഷി ഇപ്പോൾ 80 ഏക്കറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു.1,500 കിലോഗ്രാമില്‍ ഏറെ ഉമ വിത്തുകളാണ് ഇവിടെ വിതയ്ക്കുക. അഞ്ച് ഏക്കറില്‍ നാടന്‍ വിത്തുകളും കൃഷി ചെയ്യും. നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍,സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവർക്കൊപ്പമാണ് ധ്യാന്‍ ശ്രീനിവാസന്‍ കൃഷി ഇറക്കുന്നത്.