കൊച്ചി: വെട്രിമാരൻ-സിലമ്പരസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അരസൻ' എന്ന ചിത്രത്തിൽ മലയാളി നടൻ ജിബിൻ ഗോപിനാഥും. ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' എന്ന ചിത്രത്തിലെ ജിബിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'. വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, സമുദ്രകനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വട ചെന്നൈ' യൂണിവേഴ്സിന്റെ ഭാഗമായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
സിലമ്പരസനെ നായകനാക്കിയാണ് വെട്രിമാരൻ 'വട ചെന്നൈ' ആലോചിച്ചിരുന്നത്. അന്ന് തയ്യാറാക്കിയ തിരക്കഥയുടെ പുതിയ രൂപമാണ് 'അരസൻ'. 'വട ചെന്നൈയുടെ ലോകത്തുനിന്നുള്ള ആരും പറയാത്ത ഒരു കഥ' എന്നാണ് അണിയറപ്രവർത്തകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ സിമ്പു എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ പ്രൊമോ സൂചിപ്പിക്കുന്നത്.
കിഷോർ 'വട ചെന്നൈ'യിലെ തന്റെ കഥാപാത്രമായി വീണ്ടും എത്തുമെന്നും ഒപ്പം നവാഗതരായ മണികണ്ഠൻ, നെൽസൺ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് സിനിമകളും ഒരേ പശ്ചാത്തലത്തിലാണെങ്കിലും ധനുഷിന്റെ കഥാപാത്രമായ 'അൻപ്' അരസനിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. താണുവാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. വേൽരാജ് ആണ് ഛായാഗ്രഹണം. സിനിമയുടെ പ്രമേയം, മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.