ഐശ്വര്യ ലക്ഷ്മി Source: Facebook / Aishwarya Lekshmi
ENTERTAINMENT

എനിക്ക് ഇഷ്ടമുള്ളത് ഞാനിടും, അതിൽ മറ്റുള്ളവർക്കെന്താണ്: ഐശ്വര്യ ലക്ഷ്മി

അടുത്തിടെ ഒരു ചടങ്ങിൽ ഐശ്വര്യ ധരിച്ച വസ്ത്രത്തെ ചൂണ്ടിക്കാട്ടി ചിലർ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തനിക്ക് ഇഷ്ടമുള്ള വസ്ത്രം താൻ ധരിക്കുമെന്നും അതിൽ മറ്റുള്ളവർക്ക് എന്താണെന്നും നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ, തമിഴിലും തെലുങ്കിലും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ അഭിനേത്രിയാണ് ഐശ്വര്യ. അടുത്തിടെ ഒരു ചടങ്ങിൽ ഐശ്വര്യ ധരിച്ച വസ്ത്രത്തെ ചൂണ്ടിക്കാട്ടി ചിലർ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'എന്നിലെ വഴികൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു നടി.

"സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചുള്ള ഉറക്കംവിട്ട് ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ പോയില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്?" ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതായി ഐശ്വര്യ പ്രഖ്യാപിച്ചിരുന്നു. ഷോ ബിസിനസ് സമൂഹ മാധ്യമങ്ങളെ കേന്ദ്രീകരിച്ച് വളരുന്ന കാലത്ത് നടിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. തന്റെ ചിന്തകളെയും തീരുമാനങ്ങളെയും ചെറിയ സന്തോഷങ്ങളെ പോലും സോഷ്യൽ മീഡിയ സ്വാധീനിച്ചതിനാൽ താൻ അവയിൽ നിന്നും പരിപൂർണമായും മാറി നിൽക്കുകയാണ് എന്നായിരുന്നു ഐശ്വര്യയുടെ വിശദീകരണം.

അതേസമയം, ഉർവശിയും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആശ' ആണ് ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രം. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ സഫർ സനലാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'പൊന്‍മാന്‍', 'ഗഗനചാരി', 'ബാന്ദ്ര', 'മദനോത്സവം', 'സര്‍ക്കീട്ട്' തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

SCROLL FOR NEXT