മലയാളത്തിൽ നിന്നുള്ള സമ്മർ റിലീസുകൾ 
ENTERTAINMENT

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

ഇസ്രയേൽ - ഇറാൻ സംഘർഷം ഇങ്ങ് മോളിവുഡിലെ സമ്മർ റിലീസുകളേയും ബാധിച്ചേക്കാം

Author : ശ്രീജിത്ത് എസ്

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ', 'ദൃശ്യം 3', 'ആട് 3', 'വാഴ 2', 'പേട്രിയറ്റ്' ഇങ്ങനെ വമ്പൻ കാൻവാസിൽ, ഇഷ്ടതാരങ്ങൾ അണിനിരക്കുന്ന നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. പക്ഷേ, ഒരു പ്രശ്നമുണ്ട്. അത് അൽപ്പം ​ഗൗരവതരമാണ്!

ഈ സിനിമകളുടെ റിലീസ് പറഞ്ഞ തീയതികളിൽ തന്നെയുണ്ടാകണമെന്നില്ല. ഇസ്രയേൽ-ഇറാൻ സംഘർഷം ഇങ്ങ് മോളിവുഡിലെ സമ്മർ റിലീസുകളേയും സാരമായി ബാധിച്ചേക്കാം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ അവിടെ സ്ഥിതിഗതികൾ അസ്ഥിരമാണ്. ഇതാണ് വേനലവധിക്കാലത്ത് കളക്ഷൻ വാരിക്കൂട്ടാം എന്ന നിർമാതാക്കളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്.

മാർച്ച് 19ന് രൺവീർ സിംഗിന്റെ 'ധുരന്ധർ 2'വിന് ഒപ്പം റിലീസ് പ്രഖ്യാപിച്ച ഗീതു മോഹൻദാസ്-യഷ് ചിത്രം 'ടോക്സിക്' പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് റിലീസ് മാറ്റിക്കഴിഞ്ഞു. ജൂൺ നാലിലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയിരിക്കുന്നത്. ഈ വഴിയെ മറ്റ് ചിത്രങ്ങളും ചിലപ്പോൾ നീങ്ങിയേക്കാം. കാരണം, പലതാണ്. അതിൽ പ്രധാനം ഓവർസീസ് റിലീസും കളക്ഷനുമാണ്.

ഒരു സിനിമയുടെ വിജയത്തിന്റെ നിർണായക ഘടകമാണ് ഓവർസീസ് ബിസിനസ്. ഒരു സൂപ്പർ താര ചിത്രം വേൾഡ് വൈഡ് റിലീസ് ആയെന്ന് ഇരിക്കട്ടെ. ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടിയല്ല, നൂറും ഇരുനൂറും കോടി ക്ലബിൽ ഇടംപിടിക്കുന്നത്. അവിടെ നിർണായകമാകുന്നത് ഓവർസീസ് കളക്ഷനാണ്. മലയാള സിനിമയെ സംബന്ധിച്ച് യുഎസും ​ഗൾഫ് രാജ്യങ്ങളുമാണ് ഓവർസീസ് ബിസിനസിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പ്രത്യേകിച്ച് ജിസിസി രാജ്യങ്ങൾ. യുഎഇയിൽ മാത്രം മലയാള സിനിമകൾ പ്രദ‍‍ർശിപ്പിക്കുന്ന അറുപതോളം തിയേറ്ററുകളുണ്ട്. സമീപകാലത്ത് സൗദിയിലും ഖത്തറിലും തിയേറ്ററുകളുടെ എണ്ണം കൂടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ പല ബ്ലോക്ക്ബസ്റ്ററുകൾക്കും ഇവിടെ ലഭിക്കുന്നതിന് തുല്യമായ വിഹിതം രാജ്യത്തിന് പുറത്തുനിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൾഫ് സാഹചര്യങ്ങൾ കണക്കിലെടുക്കാതെ റിലീസുമായി മുന്നോട്ടുപോയാൽ പ്രതീക്ഷിച്ച കളക്ഷൻ നേടിയെടുക്കാൻ പല സിനിമകൾക്കും ബുദ്ധിമുട്ടാകും. റിലീസാകാനിരിക്കുന്ന ചിത്രങ്ങളുടെ ഹൈപ്പ് മാത്രമല്ല, ബജറ്റും കൂടുതലാണെന്ന് ഓർക്കണം. ഇതാണ് ആരാധകരേയും നിർമാതാക്കളേയും ഒരുപോലെ ടെൻഷൻ അടിപ്പിക്കുന്നത്.

ഇനി ഇത് മാത്രമാണോ പ്രശ്നം. അല്ല. മാ‍ർച്ച് അവസാനത്തോടെ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കും. പിന്നെ, ആ സമയത്ത് വലിയൊരു വിഭാ​ഗത്തെ തിയേറ്റുകളിലേക്ക് പ്രതീക്ഷിക്കണ്ട. ഈ ഐപിഎൽ പ്രതിസന്ധി മലയാള സിനിമയ്ക്ക് പുതുമയൊന്നുമല്ല. പക്ഷേ ഇത്തവണ ബി​ഗ് ബജറ്റ് റിലീസുകളുടെ എണ്ണം കൂടുതലാണ്. വൈകുന്നേരങ്ങളിലെ ഷോകൾക്ക് ആളുകുറഞ്ഞാൽ അത് കളക്ഷനെ ബാധിക്കും.

ഇനി അടുത്ത പ്രശ്നം, കേരള നിയമസഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കും. സിനിമാ പോസ്റ്റ‍ർ ഒട്ടിക്കാൻ പോയിട്ട് നല്ല ഒരു പ്രൊമോഷന് പോലും മെയിൻ എതിരാളികൾ രാഷ്ട്രീയ പാ‍ർട്ടികളാകും. ഇതും സിനിമകൾക്ക് ഒരു വെല്ലുവിളിയാണ്.

അതേസമയം, ഈ പ്രശ്നങ്ങളൊന്നും ബാധിക്കാൻ സാധ്യതയില്ലാത്ത ഒരു ചിത്രം 'ധുരന്ധ‍ർ 2' ആയിരിക്കും. യുഎഇയിൽ റിലീസ് ഇല്ലാത്തതിനാൽ പശ്ചിമേഷ്യയിലെ സംഘ‍ർഷാവസ്ഥ ചിത്രത്തെ ബാധിക്കില്ല. പിന്നെ, ഐപിഎൽ ക്രിക്കറ്റ് പോലെ ഒരു ദേശീയ വികാരമാണ് 'ധുരന്ധ‍ർ' എന്നാണല്ലോ പ്രചാരണം. അപ്പോൾ അതും പ്രശ്നമല്ല. പിന്നെ കേരള ബോക്സ് ഓഫീസ് സിനിമയുടെ മൊത്തം കളക്ഷൻ നി‍ർണയിക്കുന്നതിൽ നിർണായകമല്ലാത്തതിനാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും സിനിമയെ ഏശില്ല. ചുരുക്കം പറഞ്ഞാൽ സമ്മ‍ർ റിലീസുകളിൽ നിലവിൽ സേഫ് സോണിലുള്ളത് ഈ ചിത്രം മാത്രമാണ്.

SCROLL FOR NEXT