കൊച്ചി: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജന നായകൻ'. പൊളിറ്റിക്കൽ എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. വിജയ്‌യുടെ സിനിമാ ജീവതത്തിലെ അവസാന ചിത്രമെന്ന സവിശേഷതയുള്ള 'ജന നായകൻ' ഇപ്പോൾ സിനിമ-രാഷ്ട്രീയ വൃത്തങ്ങളിൽ സംസാര വിഷയമാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 28 ന് മലേഷ്യയിൽ വച്ച് നടത്താനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ഓഡിയോ ലോഞ്ചിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കർശനമായ നിർദേശങ്ങളാണ് മലേഷ്യൻ പൊലീസ് മുന്നോട്ടുവച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പരിപാടിയിൽ രാഷ്ട്രീയ പ്രസംഗങ്ങളും ചിഹ്നങ്ങളും റോയൽ മലേഷ്യൻ പൊലീസ് വിലക്കിയിരിക്കുകയാണ്. സിനിമാ പ്രൊമോഷന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത് എന്നാണ് അധികൃതരുടെ നിലപാട്. മലേഷ്യ ഗസറ്റ് ഉൾപ്പെടെയുള്ള മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓഡിയോ ലോഞ്ചും 'ദളപതി തിരുവിഴ' സംഗീത നിശയും സംഘടിപ്പിക്കുന്നത് മാലിക് സ്ട്രീംസ് കോർപ്പേഷൻ ആണ്. 'ജന നായകൻ' മലേഷ്യയിൽ വിതരണം ചെയ്യുന്നതും ഇവരാണ്. നിയമപരമായി സിനിമാ പ്രൊമേഷൻ എന്ന നിലയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന മാലിക് സ്ട്രീംസ് കോർപ്പറേഷൻ സിഇഒ വ്യക്തമാക്കി.
ക്വാലാലംപൂരിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ ആണ് 'ജന നായകൻ' ഓഡിയോ ലോഞ്ച് നടക്കുക. അടുത്ത വർഷം ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. പൂജാ ഹെഗ്ഡെ, ബോബി ഡിയോൾ, മമിതാ ബൈജു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.