കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആ ആവേശം ഇരട്ടിയാക്കിക്കൊണ്ട് മമ്മൂട്ടിയുടെ ഒരു ഡബ്ബിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
"ചുവരുകളെ മറുന്നപോയ ഒരു മുറിയിൽ നിന്നാണ് അയാൾ സംസാരിക്കുന്നത്. ഓരോ ഉപരിതലവും ഒരു ചെവിയാണത്രേ. ഒരോ നിശബ്ദതയും... " എന്ന വരികളോടെ ആരംഭിക്കുന്ന ഒരു മോണലോഗ് മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ജോർജ് ഓർവലിന്റെ 'അനിമൽ ഫാമും', സർവൈലൻസും എല്ലാം ഈ മോണലോഗിൽ കടന്നുവരുന്നുണ്ട്. റെക്കോർഡ് ചെയ്യാൻ തയ്യാറെടുക്കുന്ന മമ്മൂട്ടി, "എഗ്രിമെന്റിൽ ഇതൊന്നുമില്ല," എന്ന് തമാശരൂപേണ പറയുന്നതും വീഡിയോയിൽ കാണാം. വിനായക് ശശികുമാർ എഴുതി സുഷിൻ ശ്യാം ചിട്ടപ്പെടുത്തിയ 'മനുഷ്യൻ' എന്ന ഗാനത്തിന്റെ ഭാഗമാണ് ഈ മോണലോഗ്. ശക്തിശ്രീ ഗോപാലൻ ആണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.
മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമ റിലീസ് ആകുന്നത്. മഹേഷ് നാരായണൻ ആണ് ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സംവിധാനം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ.