'ആരോ' പ്രീമിയർ ഷോയിൽ മമ്മൂട്ടിയും രഞ്ജിത്തും Source: Facebook / Mammootty Kampany
ENTERTAINMENT

ആശയം കേട്ടപ്പോൾ മമ്മൂട്ടി കമ്പനി നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു, 'ആരോ' റിലീസ് ഉടൻ: രഞ്ജിത്ത്

മമ്മൂട്ടി നിർമിച്ച് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം വരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടി നിർമിച്ച് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം വരുന്നു. മഞ്ജു വാര്യരും ശ്യാമപ്രസാദുമാണ് 'ആരോ' എന്ന് പേരിട്ട ചിത്രത്തിലെ അഭിനേതാക്കൾ. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ 'ആരോ'യുടെ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു.

രഞ്ജിത്തിന്റെ നിർമാണ കമ്പനി ക്യാപിറ്റോള്‍ തിയേറ്ററുമായി ചേര്‍ന്ന് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് 'ആരോ'. ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനേതാക്കൾ. കാക്കനാട് നടന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ മമ്മൂട്ടിയും എത്തി.

മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത് എന്നതും പ്രത്യേകതയാണ്. രഞ്ജിത്തിന്റെയും മമ്മൂട്ടിയുടെയും സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു.

"ഇത് വി.ആർ. സുധീഷ് എഴുതിയ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രമാണ്. ആലോചന നടന്നുകൊണ്ടിരിക്കെ എന്താണ് ഇതിന്റെ ഒരു ബേസിക്ക് ഐഡിയ എന്ന് മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അപ്പോള്‍ മമ്മൂട്ടി കമ്പിനി നിർമിക്കാം എന്ന് പറഞ്ഞു," രഞ്ജിത്ത് പറഞ്ഞു. ജാനകിക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ആരോ.

കല്‍പ്പറ്റ നാരായണൻ, ലാൽ, അമൽ നീരദ്, അൻവർ റഷീദ്, ബിജിപാൽ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഹ്രസ്വചിത്രം കാണാൻ എത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ആകും ആരോ റിലീസിന് എത്തുക. വിവിധ ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

SCROLL FOR NEXT