മമ്മൂട്ടിക്കൊപ്പം ശാന്തി മായാദേവി Source: Instagram / santhi_mayadevi
ENTERTAINMENT

മമ്മൂട്ടി വീണ്ടും വക്കീൽ വേഷത്തിൽ, സംവിധാനം ശാന്തി മായാദേവി? റിപ്പോർട്ട്

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' ആണ് അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം. അടൂർ ഗോപാലകൃഷ്ണന്റെ 'പദയാത്ര', നിതീഷ് സഹദേവ് ചിത്രം, 'മട്ടാഞ്ചേരി മാഫിയ' എന്നിങ്ങനെ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രങ്ങൾക്കൊപ്പം മറ്റ് പല പ്രോജക്ടുകളുടെ പേരുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒന്ന്, ശാന്തി മായാദേവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ വക്കീൽ വേഷത്തിൽ എത്തുന്നുവെന്നാണ് എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ 'നേര്', 'ദൃശ്യം' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശാന്തി മായാദേവി. 'നേര്' സിനിമയുടെ തിരക്കഥാ രചനയിലും ശാന്തി ഭാഗമായിരുന്നു. മമ്മൂട്ടി ചിത്രവും ഒരു കോർട്ട് റൂം ഡ്രാമയാകും എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയാകും ഈ സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം 'ഗാനഗന്ധവൻ' എന്ന സിനിമയിൽ ശാന്തി മായാദേവി അഭിനയിച്ചിട്ടുമുണ്ട്.

മമ്മൂട്ടി വീണ്ടും വക്കീൽ വേഷത്തിൽ ബിഗ് സ്ക്രീനിലെത്തുന്നു എന്ന വാർത്ത ആഘോഷമാക്കുകയാണ് ആരാധകർ. എന്നാൽ, ഈ ചിത്രത്തെപ്പറ്റി ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' ആണ് അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. 19 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നുവിത്. സിനിമ ജൂൺ അഞ്ച് മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

അതേസമയം, 'ഫാലിമി' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ലോക്കൽ ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആവേശകരമായ ഈ വാർത്ത സംവിധായകൻ പങ്കുവച്ചത്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം 'റോളിങ് സൂൺ' എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ഈ സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT