ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിനും സിനിമാപ്രേമികൾക്കും ആവേശം പകരുന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ദിനം മുതൽ ആദ്യത്തെ ഏഴ് ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ഷോ പ്രദർശിപ്പിക്കാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകൾക്കും അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നിലവിൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രതിദിനം നാല് പ്രദർശനങ്ങൾക്കാണ് അനുമതിയുള്ളത്. ഇതാണ് വിജയ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ, പ്രാദേശിക ഉത്സവ ദിവസങ്ങൾ, പൊതു അവധി ദിനങ്ങൾ, ശനിയാഴ്ചകൾ, ഞായറാഴ്ചകൾ എന്നിവയിൽ പ്രതിദിനം അഞ്ച് ഷോ നടത്താനും തിയേറ്ററുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ഇതിനായി സർക്കാരിൽ നിന്നോ ലൈസൻസിങ് അധികൃതരിൽ നിന്നോ പ്രത്യേക അനുമതി വാങ്ങേണ്ടെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം, പ്രാദേശിക ഉത്സവ ദിവസങ്ങളിലോ പൊതു അവധി ദിവസങ്ങളിലോ ഒരു പ്രത്യേക ഷോ കൂടി അധികമായി (പ്രതിദിനം അഞ്ച് ഷോ) പ്രദർശിപ്പിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു.
സിനിമാ മേഖലയിലെ പ്രതിനിധികൾ അടുത്തിടെ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകളിൽ എല്ലാ സിനിമകൾക്കും പ്രതിദിനം അഞ്ച് ഷോകൾ അനുവദിക്കണമെന്നതായിരുന്നു അതിൽ പ്രധാന ആവശ്യം. ഇതിനുപിന്നാലെയാണ് തമിഴ്‌നാട് സിനിമാ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയത്.
ഈ ഭേദഗതി പ്രകാരം, പുതുതായി റിലീസ് ചെയ്യുന്ന തമിഴ് സിനിമകളുടെ റിലീസ് തീയതി മുതൽ ഏഴ് ദിവസത്തേക്കും, അതുപോലെ തന്നെ പ്രാദേശിക ഉത്സവ ദിവസങ്ങൾ, പൊതു അവധി ദിനങ്ങൾ, ശനിയാഴ്ചകൾ, ഞായറാഴ്ചകൾ എന്നിവയിലും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകൾക്കും അനുമതി നൽകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കായി കയ്യടിക്കുകയാണ് സിനിമാപ്രേമികൾ. പുതിയ തീരുമാനം സിനിമാ വ്യവസായത്തിന് വലിയ കൈത്താങ്ങാകുമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. പുലർച്ചെയുണ്ടായിരുന്ന ഫാൻ ഷോസ് പുനസ്ഥാപിക്കണമെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ, രാവിലെ ഒൻപത് മണിക്കാണ് സൂപ്പർ താരങ്ങളുടെ ഉൾപ്പെടെയുള്ളവരുടെ സിനിമകളുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. 2023ൽ അജിത് കുമാർ നായകനായ 'തുനിവ്' സിനിമയുടെ ഫാൻ ഷോ ആഘോഷങ്ങൾക്കിടെ ഒരു ആരാധകൻ മരിച്ചിരുന്നു. ഇതിനു ശേഷമാണ് റിലീസ് ദിനത്തിലെ ഫാൻ ഷോസ് ഡിഎംകെ സർക്കാർ നിരോധിച്ചത്.