ധുരന്ദർ ചിത്രത്തിൻ്റെ വിജയത്തെ തുടർന്ന് ഒരേസമയം അഭിനന്ദനവും വിമർശനവും നേരിടുകയാണ് ബോളിവുഡ് നടൻ അക്ഷയ് ഖന്ന. ഒരു ഭാഗത്ത് ധുരന്ദറിലെ റഹ്മാൻ ദകൈത്തിനെ അവതരിപ്പിച്ചതിന് കൈയടി നേടുമ്പോൾ ദൃശ്യം 3യിൽ നിന്നുള്ള പിന്മാറ്റമാണ് അക്ഷയ് ഖന്നയ്ക്ക് വിമർശനങ്ങൾ നേടി കൊടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദൃശ്യം 3 ഉപേക്ഷിച്ചതിന് നിർമാതാവ് കുമാർ മംഗത് പതക് തന്നെ അക്ഷയ് ഖന്നയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, അക്ഷയ്‌ക്കൊപ്പം ഒന്നിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ പ്രിയദർശൻ, സെറ്റിലെ അക്ഷയ് ഖന്നയുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
"അക്ഷയ് ഖന്നയുമൊത്തുള്ള എൻ്റെ ആദ്യ ചിത്രമായ ഡോളി സജാ കെ രഖ്‌നയിൽ എല്ലാവരും അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതിൽ നിന്ന് എന്നെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അവർ പറഞ്ഞത്. പക്ഷേ ആദ്യ സിനിമ മുതൽ തന്നെ എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നി. എനിക്ക് ഒരിക്കലും അദ്ദേഹം ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. രാവിലെ 5 മണിക്ക് ഞാൻ അദ്ദേഹത്തെ വിളിച്ചാൽ, അദ്ദേഹം കൃത്യസമയത്ത് അവിടെ എത്തും. ഞങ്ങൾ ഒരുമിച്ച് ചെയ്ത ഒരു സിനിമയുടെ സമയത്ത് പോലും എനിക്ക് മോശമായ നിമിഷം ഉണ്ടായിട്ടില്ല. ഈ വിമർശനങ്ങൾ ഒന്നും അദ്ദേഹത്തെ ഒട്ടും അലട്ടുന്നുമില്ല" പ്രിയദർശൻ പറഞ്ഞു.
ദോലി സാജാ കെ രഖ്‌ന, ഹൽചുൽ, ഹംഗാമ തുടങ്ങി ഒന്നിലധികം ചിത്രങ്ങളിൽ പ്രിയദർശനോടൊപ്പം അക്ഷയ് ഖന്ന പ്രവർത്തിച്ചിരുന്നു.
ധുരന്ധറിൻ്റെ വിജയത്തിന് ശേഷം അക്ഷയ് ഖന്ന ദൃശ്യം 3 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഒരു അഭിമുഖത്തിൽ പനോരമ സ്റ്റുഡിയോ നിർമാതാവ് കുമാർ മംഗത് പതക്, ധുരന്ദർ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അക്ഷയ് പ്രൊജക്റ്റിൽ നിന്നും പിന്മാറിയതായി വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ അക്ഷയ്‌യുടെ ഫീസിനെ പറ്റി മൂന്നു തവണ ചർച്ച നടത്തിയതായും. ഈ ചർച്ചകൾക്ക് ശേഷം നടൻ കോളുകൾക്ക് മറുപടി നൽകുന്നത് നിർത്തിയതായും പതക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റുഡിയോ അദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.