screengrab
ENTERTAINMENT

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മെക്‌സിക്കോ... കേള്‍ക്കാം മരിയാച്ചി കഥകള്‍

തലമുറകള്‍ കൈമാറിവന്ന ആ സംഗീതരൂപം മെക്‌സിക്കന്‍ ജനതയുടെ ഹൃദയതാളമായി മാറിക്കഴിഞ്ഞിരിക്കുന്നു

Author : ന്യൂസ് ഡെസ്ക്

മെക്‌സിക്കോയുടെ ആത്മാവാണ് മരിയാച്ചി എന്ന് അറിയപ്പെടുന്ന സംഗീതരൂപം. മെക്‌സിക്കോയുടെ ദേശീയ സ്വത്വത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പ്രതീകം. ചുരുക്കിപ്പറഞ്ഞാല്‍ മെക്‌സിക്കന്‍ ജീവിതത്തിന്റെ പശ്ചാത്തല സംഗീതമാണ് മരിയാച്ചി. വിവാഹങ്ങള്‍ക്കും, ജന്‍മദിനാഘോഷങ്ങള്‍ക്കും, മാമോദീസകള്‍ക്കും, ശവമടക്കിനും വരെ മെക്‌സിക്കോയില്‍ മരിയാച്ചി സംഗീതത്തിന്റെ അകമ്പടി വേണം.

മെക്‌സിക്കന്‍ ആദിമ ജനതയുടെ സംസ്‌കാരവും യൂറോപ്യന്‍ സംസ്‌കാരവും തമ്മിലുള്ള കലര്‍പ്പില്‍ നിന്നുടലെടുത്തതാണ് മരിയാച്ചി സംഗീതം. സ്പാനിഷ് തന്ത്രിവാദ്യങ്ങളും ആഫ്രിക്കന്‍ സ്വാധീനമുള്ള താളവാദ്യങ്ങളും മെക്‌സിക്കന്‍ തനത് കാവ്യാത്മകതയുടെ ആഴങ്ങളില്‍ സംഗമിച്ചപ്പോള്‍ മരിയാച്ചി പിറന്നു. അങ്ങനെ അത് മെക്‌സിക്കോയുടെ ജീവതാളമായി മാറി. അതിലുപരി വര്‍ഗവ്യത്യാസമില്ലാതെ മെക്‌സിക്കന്‍ ജീവിതത്തെ ഏകീകരിക്കുന്ന ഘടകമായി.

തീവ്രമായ വൈകാരികതയാണ് മെക്‌സിക്കന്‍ തത്വചിന്തയുടെ മുഖമുദ്ര. അത് അവരുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പ്രകടമാണ്. വിപ്ലവത്തിലും രാഷ്ട്രീയത്തിലും ഫുട്‌ബോളിലും കലകളിലും തുടങ്ങി കാര്‍ട്ടെല്‍ കുടിപ്പക സംഘര്‍ഷങ്ങളില്‍ വരെ ആ വൈകാരിക തീവ്രതയുടെ നിഴലാട്ടങ്ങള്‍ കാണാം. ഈ വൈകാരികത്തുടിപ്പിനെ ആവാഹിക്കുകയാണ് മരിയാച്ചി സംഗീതം ചെയ്തത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മെക്‌സിക്കന്‍ സിനിമകളുടെ സുവര്‍ണ്ണകാലത്തിലൂടെയാണ് മരിയാച്ചി ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നത്. അക്കാലത്തെ സിനിമകള്‍ ഈ സംഗീതത്തെയും മെക്‌സിക്കന്‍ ജീവിതത്തിലെ വൈകാരികതയെയും ആഗോളതലത്തില്‍ ജനപ്രിയമാക്കി. 'അയ്യാ എന്‍ എല്‍റാഞ്ചോ ഗ്രാന്‍ഡെ', 'അയ് ഹലിസ്‌കോ', 'നോ തെ റാഹെസ്' തുടങ്ങിയ വിഖ്യാത സിനിമകള്‍ മരിയാച്ചി സംഗീതത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലേക്ക് എത്തിച്ചു.

മെക്‌സിക്കോയുടെ രണ്ടാം ദേശീയ ഗീതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'സിയേലിത്തോ ലിന്‍ഡോ' (Cielito Lindo), ജന്മദിനങ്ങളില്‍ പാടുന്ന 'ലാസ് മഞ്ഞാനിറ്റാസ്' (Las Mañanitas) തുടങ്ങിയ ഗാനങ്ങള്‍ മരിയാച്ചിയുടെ ജനപ്രീതിക്ക് തെളിവാണ്. ലോകകപ്പ് മൈതാനങ്ങളില്‍ 'ഗ്വാദലഹാര' പോലുള്ള ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ ഉയരുന്ന ഊര്‍ജം അവിസ്മരണീയമാണ്.

മെക്‌സിക്കന്‍ സിനിമ മരിയാച്ചി സംഗീതത്തിന്റെ സാംസ്‌കാരിക തലം സ്പര്‍ശിച്ചപ്പോള്‍ അതിനെ ആഗോളതലത്തില്‍ കേള്‍പ്പിച്ചത് ഹോളിവുഡാണ്. റോബെര്‍ട് റോഡ്രിഗസിന്റെ മെക്‌സിക്കന്‍ ട്രിലജി മരിയാച്ചിക്ക് ഏറ്റവും വലിയ പോപ്പ്-കള്‍ച്ചര്‍ പദവി നല്‍കി. ആദ്യ ചിത്രം 'എല്‍ മരിയാച്ചി' ഹോളിവുഡിനെ ഞെട്ടിച്ചു. അന്റോണിയോ ബന്ദേരാസും സല്‍മാ ഹയ്ക്കും അഭിനയിച്ച 'ഡെസ്‌പെരാഡോ'യും 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മെക്‌സിക്കോ'യും ഗിറ്റാറേന്തിയ മരിയാച്ചിയെ ആക്ഷന്‍ ഐക്കണാക്കി.

ആധുനിക ഹോളിവുഡ് സിനിമകളിലും മരിയാച്ചി അതിന്റെ സ്വാധീനം തുടര്‍ന്നു. റാംഗോയിലെ മരിയാച്ചി മൂങ്ങകള്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്നു. ക്വെന്റിന്‍ ടരന്റിനോയുടെ സിനിമകള്‍ മുതല്‍ ക്ലാസിക് കൗബോയ് സിനിമകളില്‍ വരെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന മെക്‌സിക്കന്‍ ട്രംപറ്റ് മരിയാച്ചി ഹോളിവുഡിന് നല്‍കിയ സംഭാവനയാണ്.

2026ലെ ലോകകപ്പില്‍ അസ്റ്റെക്ക സ്റ്റേഡിയത്തിലും ഗ്വാദലഹാരയിലും ടീമുകള്‍ മരിയാച്ചി സ്വാഗതം ഏറ്റുവാങ്ങുമ്പോള്‍, പാരമ്പര്യവും ആധുനികതയും ഒന്നിക്കുന്നു. ഇന്ന് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരിയാച്ചി, ആധുനിക ലോകത്തും മെക്‌സിക്കോയുടെ തനിമ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കുന്നു. തലമുറകള്‍ കൈമാറിവന്ന ആ സംഗീതരൂപം മെക്‌സിക്കന്‍ ജനതയുടെ ഹൃദയതാളമായി മാറിക്കഴിഞ്ഞിരിക്കുന്നു.

SCROLL FOR NEXT