മിയ ഖലീഫ 
ENTERTAINMENT

"ഇത് വംശഹത്യയാണ്"; ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പൊട്ടിക്കരഞ്ഞ് മിയ ഖലീഫ, വീഡിയോ വൈറൽ

ഇതിനെല്ലാം യുഎസും ഇസ്രയേലും ഒരു ദിവസം അന്താരാഷ്ട്ര കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് മിയ ഖലീഫ

Author : ന്യൂസ് ഡെസ്ക്

ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങളിൽ പ്രതികരിച്ച് മിയ ഖലീഫ പങ്കുവച്ച വൈകാരിക വീഡിയോ വൈറലാകുന്നു. തന്റെ ജന്മനാടായ ലെബനനിലെ അവസ്ഥ കണ്ട് വിതുമ്പിക്കരയുന്ന മിയ, ഇപ്പോൾ നടക്കുന്നത് വംശഹത്യയാണെന്നാണ് വീഡിയോയിൽ ആരോപിക്കുന്നത്.

യുഎസിൽ താമസിക്കുന്ന താൻ നൽകുന്ന നികുതിപ്പണം തന്റെ ജന്മനാടിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മിയ ഖലീഫ പറഞ്ഞു. ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണെന്നും മിയ വ്യക്തമാക്കി. "എന്താണ് ഇവിടെ നടക്കുന്നത്? ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുമ്പോഴാണ് ഇവിടെ നമ്മൾ പരസ്പരം ബോംബാക്രമണം നടത്തുന്നത്. ഇത് ഭ്രാന്താണ്," എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് മിയ ഖലീഫ പറയുന്നത്.

"ഇത് യുദ്ധക്കുറ്റങ്ങളുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന രണ്ട് രാജ്യങ്ങൾ നടപ്പിലാക്കുന്ന ഭീകരവാദമല്ലാതെ മറ്റൊന്നുമല്ല . യുഎസും ഇസ്രയേലും ഭീകരവാദ-ഫാസിസ്റ്റ് രാജ്യങ്ങളാണ്. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇവരെ വിചാരണ കാത്തിരിക്കുന്നു," എന്ന ക്യാപ്ഷനോടെയാണ് മിയ ഈ വീഡിയോ പങ്കുവച്ചത്.

യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയത്. ഇറാനുമായുള്ള കരാറിൽ ലെബനനെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആക്രമണങ്ങളിൽ ഇതുവരെ 203 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT