നെറ്റ്ഫ്ലിക്സ് ജനപ്രിയ സീരിസ് സ്ട്രേഞ്ചർ തിങ്സ് താരം ഡേവിഡ് ഹാർബറിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം മിലി ബോബി ബ്രൗൺ. ചിത്രത്തിൽ ഒപ്പം പ്രവർത്തിക്കവേ ഹാർബർ മാനസികമായി പീഡിപ്പിച്ചതായും ബുള്ളി ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. സ്ട്രേഞ്ചർ തിങ്സിൻ്റെ പുതിയ സീസൺ പുറത്തിറങ്ങാനിരിക്കെയാണ് ആരോപണം. മാനസികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നടി ഇയാൾക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.
സ്ട്രേഞ്ചർ തിങ്സിൽ മിലി അവതരിപ്പിക്കുന്ന ഇലവൻ്റെ വളർത്തച്ഛനായി അഭിനയിക്കുന്നയാളാണ് ഡേവിഡ് ഹാർബർ. അതേസമയം, ഹാർബറിനെതിരെ ആരോപണവുമായി മുൻഭാര്യ ലില്ലി അലനും രംഗത്തെത്തിയിട്ടുണ്ട്. തനിക്കൊപ്പം കഴിയവേ ഹാർബറിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നാണ് മുൻഭാര്യയുടെ ആരോപണം.
പരാതിയെ തുടർന്ന് സ്ട്രേഞ്ചർ തിങ്സ് സീസൺ 5 ഷൂട്ടിംഗ് സമയത്ത് സെറ്റിൽ മിലിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായ് ഒരു പ്രതിനിധിയും ഉൾപ്പെട്ടിരുന്നു.എന്നാൽ ഇതേക്കുറിച്ച് ഇതുവരെ മിലി ബോബി ബ്രൌണോ, ഹാർബറോ, നെറ്റ്ഫ്ലിക്സോ പ്രതികരിച്ചിട്ടില്ല.
സ്ട്രേഞ്ചർ തിങ്സിൻ്റെ ആദ്യ സീസൺ പുറത്തിറങ്ങിയത് 2016ലായിരുന്നു. വൻ വിജയമായിരുന്ന ഈ സീരീസിൻ്റെ അവസാന സീസണിൻ്റെ ആദ്യ വോളിയം പുറത്തിറങ്ങുക ഈ നവംബർ 26നാണ്. രണ്ടാം ഭാഗം ക്രിസ്മസിനും അവസാന ഭാഗം ന്യൂ ഇയറിനുമാണ് പുറത്തിറങ്ങുക.