കൊച്ചി: മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ റിലീസ് ആയ 'രാജാവിന്റെ മകൻ'. സിനിമയിലെ വിൻസനറ് ഗോമസിന്റെ ഫോൺ നമ്പർ മലയാളികൾ മറക്കാനിടയില്ല. 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന് നായകൻ പറയുന്ന മാസ് രംഗം ആരാധകർക്ക് ഇന്നും ആവേശമാണ്. ഇപ്പോഴിതാ തനിക്ക് താരപരിവേഷം തന്ന ചിത്രത്തിലെ ഫോൺ നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. തന്റെ പുതിയ വാഹനത്തിന് വേണ്ടി 1.85 ലക്ഷം രൂപ മുടക്കിയാണ് '2255' എന്ന നമ്പർ നടൻ ലേലത്തിൽ പിടിച്ചത്.
ടൊയോട്ടോ ഇന്നോവ ഹൈക്രോസ് എന്ന കാറിന് വേണ്ടിയാണ് 'കെഎൽ 07 ഡിജെ 2255' എന്ന നമ്പർ മോഹൻലാൽ ലേലത്തിൽ പിടിച്ചത്. 31,99,500 രൂപയാണ് ഈ കാറിന്റെ വില. മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ കാരവാന്റെ നമ്പറും '2255' ആയിരുന്നു.
ഇന്നലെ രാവിലെ എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ മറ്റു രണ്ടുപേര്‍ കൂടി പങ്കെടുത്തിരുന്നു. 10,000 രൂപയിലാണ് ലേലം ആരംഭിച്ചത്. മറ്റുള്ളവരുടെ ലേലം വിളി 1,46,000 രൂപയിൽ അവസാനിച്ചു. മോഹൻലാലിന്റെ പ്രതിനിധി 1.85 ലക്ഷം രൂപയ്ക്കാണ് നമ്പർ വിളിച്ചെടുത്തത്. 5000 രൂപ ഫീസ് അടച്ച് മൂന്ന് പേർ നമ്പർ ബുക്ക് ചെയ്ത സാഹചര്യത്തിലാണ് നടപടി ലേലത്തിലേക്ക് കടന്നത്.
കഴിഞ്ഞ വർഷം, എറണാകുളം ആർടി ഓഫീസിൽ നടന്ന വാശിയേറിയ ലേലം വിളിക്കൊടുവിൽ തന്റെ വാഹനത്തിനായി '2255' എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. നാല് പേർ പങ്കെടുത്ത ലേലത്തിൽ 3,20,000 രൂപയ്ക്കാണ് ആന്റണി പെരുമ്പാവൂർ നമ്പർ നേടിയത്.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകൻ'. ഡെന്നീസ് ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയേയാണ്. എന്നാൽ, നടന്റെ ഡേറ്റ് ഇല്ലാത്തതിനാലും മറ്റ് ചില കാരണങ്ങളാലും ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് വിൻസന്റ് ഗോമസ് എന്ന ഐക്കോണിക് റോൾ മോഹൻലാലിന് ലഭിക്കുന്നത്. നടൻ ഈ കഥാപാത്രത്തെ അനശ്വരമാക്കി. അതുകൊണ്ട് തന്നെ ഈ സിനിമയും '2255' എന്ന നമ്പറും മോഹൻലാലിന് പ്രിയപ്പെട്ടതാണ്.