മോഹൻലാലും ഉണ്ണിമേനോനും Source: Youtube Screenshot / Pappappa
ENTERTAINMENT

"താങ്കൾ ഋഷിയെ മുറിയിലാക്കി നടന്നുവരുന്ന രംഗം എന്റെ ഉള്ളിൽ തൊട്ടു"; യഥാർഥ 'ജയകൃഷ്ണന്' ഒപ്പം മോഹൻലാൽ

പപ്പപ്പ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ 'കഥയാത്ര' എന്ന പരിപാടിയിലാണ് ഈ അപൂർവ സംഗമം

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമാസ്വാദകർ നെഞ്ചോട് ചേർത്തുവയ്ക്കുന്ന ചിത്രമാണ് പത്മരാജൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ 'തൂവാനത്തുമ്പികൾ'. സിനിമയിലെ മോഹൻലാൽ കഥാപാത്രം ജയകൃഷ്ണനും മഴയുടെ അകമ്പടിയോടെ അയാളുടെ ജീവതത്തിലേക്ക് എത്തുന്ന ക്ലാരയും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടവരാണ്. ഉറ്റ സുഹൃത്തായ തൃശൂർ പൂത്തോളിൽ കാരിക്കത്ത് ഉണ്ണിമേനോനിൽ നിന്നാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ പത്മരാജൻ സൃഷ്ടിച്ചത്.

സിനിമ ഇറങ്ങി വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇക്കാലമത്രയും മോഹൻലാലിനെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ണിമേനോൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ അത് നടന്നില്ല. ഒടുവിൽ, പതിറ്റാണ്ടുകള്‍ക്ക് ശേഷം വെള്ളിത്തിരയിലെ ജയകൃഷ്ണനും 'ഒജി ജയകൃഷ്ണനും' നേരിൽ കണ്ടു. വിശേഷങ്ങൾ പങ്കുവച്ചു.

'തൂവാനത്തുമ്പി' എന്ന ക്ലാസിക് ചിത്രത്തെപ്പറ്റി മോഹൻലാലിനോട് ഉണ്ണിമേനോൻ മനസുതുറന്നു. "തൂവാനത്തുമ്പികൾ ഞാൻ ആദ്യമായി കാണുന്നത് ദുബായ്‌യിലെ ഗലേറിയ തിയേറ്ററിൽ വച്ചാണ്. ഒന്നുരണ്ട് അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പടം കണ്ട ഞാൻ ആദ്യം അന്തംവിട്ടുപോയി. എന്റെ ജീവിതത്തിലുണ്ടായിരുന്ന കാര്യങ്ങൾ അതേപടിയാണ് ചിത്രത്തിലുണ്ടായിരുന്നത്. സിനിമയുടേതായ ചില പൊടിപ്പുംതൊങ്ങലുകളും ഉണ്ടായിരുന്നവെന്ന് മാത്രം. പക്ഷേ ഇത് എന്റെ ഉള്ളിൽ തട്ടി. ജയകൃഷ്ണൻ എന്ന ആ കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ആ കഥാപാത്രം നഗരത്തിൽ വരുമ്പോൾ ഉള്ള മാറ്റങ്ങൾ, നാരങ്ങാവെള്ളത്തിന്റെ കാര്യം, ആട്ടിൻ തല വാങ്ങാൻ പോകുന്നത് ഒക്കെ അന്ന് നടന്ന സംഭവങ്ങളാണ്. ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ട് ചെയ്തതുകൊണ്ടാണ് അത് അത്ര എഫക്ടീവ് ആയത്.

'ഞങ്ങൾ കണ്ട ഉണ്ണിമേനോൻ അല്ല ഇത്' എന്നാണ് ദുബായ്‌യിലെ സുഹൃത്തുക്കൾ സിനിമ കണ്ട് പറഞ്ഞത്. വർഷങ്ങൾ കുറേ കഴിഞ്ഞിട്ടാണ് അവർ എന്നെ കാണുന്നത്. അവർ എന്റെ വേറെ ഒരു മുഖമാണ് കണ്ടിട്ടുള്ളത്. ഈ നിമിഷം സെലിബ്രേറ്റ് ചെയ്യുക എന്നതാണ് എനിക്ക്. ഇപ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. മുൻപ് ചെയ്തതിൽ എന്തെങ്കിലും തെറ്റുകളുണ്ടോ എന്നൊന്നും ഒരിക്കലും തൊന്നിയിട്ടില്ല. വീട്ടിൽ ഒരു മുഖം, നഗരത്തിൽ മറ്റൊരു മുഖം. അതാണ് ആ ഡബിൾ പേഴ്‌സണാലിറ്റി. ആ ഡബിൾ ചിലപ്പോൾ ട്രിപ്പിൾ ആകും. സിനിമയിൽ താങ്കൾ ഋഷിയെ മുറിയിലാക്കി നടന്നുവരുന്ന ഒരു ഭാഗമുണ്ട്. അതെന്റെ മനസിൽ നിന്ന് പോകില്ല. അത്ര ഗംഭീരം, ഒറിജിനൽ, അതെന്റെ ഉള്ളിൽ തൊട്ടു. പത്മരാജൻ ആ രംഗം കണ്ടിട്ടുണ്ട്. അതായിരിക്കാം. അത് പറഞ്ഞുതന്നിട്ടുണ്ടാകാം", ഉണ്ണിമേനോൻ മോഹൻലാലിനേട് പറഞ്ഞു.

'പപ്പപ്പ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്ത 'കഥയാത്ര' എന്ന പരിപാടിയാണ് ഈ അപൂർവ സംഗമത്തിന് അരങ്ങൊരുക്കിയത്. മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ ആണ് 'കഥയാത്ര'യുടെ രചനയും സംവിധാനവും. ക്രിയേറ്റീവ് ഡയറക്ടർ - ജിജോ ജോസഫ്, ഛായാ​ഗ്രഹണം - മിൽട്ടൺ പി.ടി, എഡിറ്റിങ് - ജോൺകുട്ടി, സം​ഗീതം - സൂരജ് എസ്.കുറുപ്പ് എന്നിവരാണ് ഈ പരിപാടിയുടെ അണിയറപ്രവർത്തകർ.

SCROLL FOR NEXT