മോഹൻലാൽ, നരേന്ദ്ര മോദി 
ENTERTAINMENT

"ദീർഘദർശിയായ രാഷ്ട്രതന്ത്രജ്ഞൻ, ഈഗോയില്ലാത്ത യോഗി"; മോദിയെ പുകഴ്ത്തി മോഹൻലാൽ

പ്രധാനമന്ത്രി മോദിയുടെ കരുതൽ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹൻലാൽ. കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുള്ള മികച്ച ഭരണാധികാരിയെന്നാണ് മോദിയെ നടൻ വിശേഷിപ്പിച്ചത്. കലാകാരന്മാരോടുള്ള മോദിയുടെ കരുതൽ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മൈ ജിഓവി ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക പോഡ്കാസ്റ്റിലാണ് മോദിയെപ്പറ്റി മോഹൻലാൽ തന്റെ അഭിപ്രായം പങ്കുവച്ചത്. ഗുരുവായൂരിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി കലാകാരന്മാർക്ക് അരികിലേക്ക് എത്തി അഭിവാദ്യം ചെയ്തതും മോഹൻലാൽ ഓർത്തെടുത്തു. നേരത്തെ, സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ നടൻ അഭിമുഖം ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ആദ്യമായി പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത്. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ച നടത്താൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ന്യൂ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ അതിഥിയായി എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞന്റെയും ദീർഘദർശിയായ നേതാവിന്റെയും സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം അങ്ങേയറ്റം പ്രചോദനാത്മകമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും കാഴ്ചപ്പാടുകളിലെ വ്യക്തതയെയും ഞാൻ എപ്പോഴും ആരാധനയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. രാജ്യത്തെ നയിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ വിവേകവും മാന്യതയും പ്രശംസനീയമാണ്.

കലാകാരന്മാരോടും സർഗധനരായ വ്യക്തികളോടും അദ്ദേഹം കാണിക്കുന്ന സ്നേഹവും കരുതലും ബഹുമാനവും നേരിട്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. പ്രതിസന്ധികളെ അതിജീവിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏതൊരാളും പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട ഒന്നാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഞാൻ തുടക്കം കുറിച്ച 'വിശ്വശാന്തി ഫൗണ്ടേഷനെ'ക്കുറിച്ച് സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്ന് തികച്ചും അനൗപചാരികമായാണ് അദ്ദേഹം എന്നോട് ഇടപെട്ടത്; എപ്പോൾ വേണമെങ്കിലും എന്ത് സഹായത്തിനും അദ്ദേഹത്തെ സമീപിക്കാമെന്ന് പറയുകയും ചെയ്തു. ഇത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു," മോഹൻലാൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഒപ്പം മോഹൻലാൽ

"പിന്നീട്, ഗുരുവായൂരിൽ വച്ച് എന്റെ സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ, അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വരികയും തന്റെ സ്നേഹവും വാത്സല്യവും ആദരവോടെ പ്രകടിപ്പിക്കുകയും ചെയ്തു. യോഗയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെ ബഹുമാനിക്കുന്നു. വാക്കിനേക്കാൾ കർമത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് മോദി. അതാണ് എന്റെയും മന്ത്രം. അദ്ദേഹം സ്‌നേഹം പരത്തുന്നു, അദ്ദേഹത്തിന് അടുത്ത് നിൽക്കുമ്പോൾ തന്നെ നമുക്കത് അനുഭവിക്കാൻ കഴിയും. അദ്ദേഹം തന്റെ അമ്മയെ സ്നേഹിക്കുന്നു. രാജ്യത്തെ അമ്മയെപോലെ കരുതുന്നു. അദ്ദേഹത്തിന് ഈഗോയില്ല, ഒരു യോഗിക്ക് സമാനമാണ് അദ്ദേഹം. ഒരുപാട് ഗുണങ്ങളുടെ കൂടിച്ചേരലാണ് മോദി," മോഹൻലാൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT