മോഹൻലാൽ, വിസ്മയ  
ENTERTAINMENT

"സിനിമയിലേക്കുള്ള നിന്റെ യാത്രയുടെ ആരംഭം, അച്ഛന് വലിയ അഭിമാനമുണ്ട്"; വിസ്മയയ്‌ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്‍മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മകൾ വിസ്മയയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വിസ്‌മയയുടെ ജീവിതത്തിലെ പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്ന വർഷമാണിതെന്നും ചെയ്യുന്ന എല്ലാ കാര്യത്തിലും മകൾ കാണിക്കുന്ന താൽപ്പര്യത്തിലും ധൈര്യത്തിലും വലിയ അഭിമാനമുണ്ടെന്നും നടൻ കുറിച്ചു.

"പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ! ഈ വർഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്... നിന്റെ പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ കാണിക്കുന്ന താൽപ്പര്യത്തിലും ധൈര്യത്തിലും അച്ഛന് വലിയ അഭിമാനമുണ്ട്. ലോകം നിന്റെ പ്രഭ തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇത് എന്ന് ആശംസിക്കുന്നു," എന്നാണ് മോഹൻലാൽ കുറിച്ചത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്‍മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് .

സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

SCROLL FOR NEXT