MOVIES

18ാമത് IDSFFK: 'രഘു റായ്: ആൻ അൺഫ്രെയിംഡ് പോർട്രെയ്റ്റ്' ഉൾപ്പെടെ ഹോമേജ് പാക്കേജിൽ പ്രമുഖരുടെ ചിത്രങ്ങൾ

2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത ഫോട്ടോ​ജേണലിസ്റ്റ് രഘു റായ്, ചലച്ചിത്ര രംഗത്തെ പ്രമുഖരായ രാജ സെൻ, ഡോ. എസ്. കൃഷ്ണസ്വാമി, ടോണി ഗാറ്റ്‌ലിഫ്, കെൻ ജേക്കബ്, എന്നിവർക്കുള്ള ആദരവായി 18ാമത് രാജ്യാന്തര ഡോക്യുമെന്ററി ​ഹ്രസ്വചിത്ര മേളയിൽ ഹോമേജ് പാക്കേജ്.

ആധുനിക ഫോട്ടോ ജേർണലിസത്തിലെ ഇതിഹാസതുല്യനായ പ്രതിഭയായിരുന്ന രഘു റായ്‌യുടെ കലാജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'രഘു റായ്: ആൻ അൺഫ്രെയിംഡ് പോർട്രെയ്റ്റ്'. ഒരു ജീവചരിത്രത്തിനപ്പുറം ഭോപ്പാൽ വാതക ദുരന്തം, ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ ചരിത്ര സംഭവങ്ങളെയും ചിത്രത്തിന്റെ സംവിധായികയും അദ്ദേഹത്തിന്റെ മകളുമായ ആവണി റായ് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു.

രാജ സെൻ സംവിധാനം ചെയ്ത 'ഫിൽമേക്കർ ഫോർ ഫ്രീഡം' എന്ന ഡോക്യുമെന്ററിയാണ് ഈ പാക്കേജിൽ പ്രദർശിപ്പിക്കുന്നത്. പ്രശസ്ത ഇന്ത്യൻ സംവിധായകനായ തപൻ സിഹ്നയുടെ ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആസ്പദമാക്കിയുള്ള ബിയോഗ്രഫിക്കൽ ഡോക്യുമെന്ററിയാണിത്. ബം​ഗാളി സാഹിത്യത്തിൽ വേരൂന്നിയ, മൂന്ന് തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രമുഖ ഇന്ത്യൻ സംവിധായകനാണ് അദ്ദേഹം.

പ്രശസ്തനായ ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്രകാരനും, എഴുത്തുകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. എസ്. കൃഷ്ണസ്വാമിയുടെ 'ത്രൂ എ ഡിഫറന്റ് ലെൻസ്' എന്ന ഡോക്യുമെന്ററി ബ്രിട്ടീഷ് കാലഘട്ടത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ കാണികളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്യുന്നു.

ആഗോള സിനിമയിലെ റോമാ സംസ്കാരത്തിന്റെ പ്രധാന വക്താവായിരുന്ന ഫ്രഞ്ച്-അൾജീരിയൻ-റോമാ സംവിധായകനും തിരക്കഥാകൃത്തുമായി ടോണി ഗാറ്റ്‌ലിഫിന്റെ പ്രശസ്തമായ 'ദി ഔട്ട്‌റേജ്ഡ്' എന്ന ചിത്രമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2011ലെ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രക്ഷോഭങ്ങളെ ഒരു അനധികൃത കുടിയേറ്റക്കാരന്റെ കാഴ്ചപ്പാടിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.

അമേരിക്കൻ അവന്റ്-ഗാർഡ് ചലച്ചിത്രകാരന്മാരിൽ പ്രമുഖനായ കെൻ ജേക്കബിന്റെ ഒരു തുരങ്കപാതയിലൂടെ കടന്നുപോകുന്ന ട്രെയിനിലൂടെയുള്ള ദൃശ്യങ്ങളെ ആസ്പദമാക്കിയുള്ള 'ലെറ്റ് തേർ ബി വിസിൽബ്ലോവർസ്'എന്ന ഡോക്യൂമെന്ററിയും പ്രദർശനത്തിലുണ്ട്.

മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താം.

SCROLL FOR NEXT