Source: News Malayalam 24x7
MOVIES

വിവാദങ്ങൾ അലയടിച്ച ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരശീല വീഴും; സമാപന സമ്മേളനം വൈകീട്ട് ആറുമണിക്ക്

വൈകീട്ട് ആറുമണിക്കാണ് നിശാഗന്ധിയിൽ സമാപന സമ്മേളനം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഏഴുദിവസം നീണ്ടുനിന്ന ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. വൈകീട്ട് ആറുമണിക്കാണ് നിശാഗന്ധിയിൽ സമാപന സമ്മേളനം. മേളയിലൂടനീളം വിദേശത്തായിരുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സിനിമകളിൽ കേന്ദ്രത്തിൻ്റെ കടുംവെട്ട്, അക്കാദമി ചെയർമാൻ്റെ അസാന്നിധ്യം, സംഘാടനത്തിൽ പിഴവ് വന്നെന്ന ആരോപണം, അങ്ങനെ ഉടനീളം വിവാദങ്ങളായിരുന്നു മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ. സിനിമകളേക്കാൾ പ്രതിനിധികൾ ചർച്ചചെയ്തതും വിവാദം തന്നെ.

26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശനത്തിനെത്തിയത്. അതിൽ ആറ് ചിത്രങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. മേളയിലെ നിറസാന്നിദ്ധ്യമാകേണ്ട ചെയർമാൻ ഇല്ലാത്തതും സജീവ ചർച്ചയായി. മൊത്തത്തിൽ ഒരു വൈബ് കുറവുണ്ടെന്നും പ്രതിനിധികൾക്കിടയിൽ അഭിപ്രായമുണ്ടായി. സിനിമകൾക്ക് അനുമതി ലഭിക്കാത്തത് സംഘാടനത്തിലെ പിഴവുമൂലമാണെന്നും അഭിപ്രായമുയർന്നിരുന്നു. അവയെല്ലാം തരണം ചെയ്താണ് ചലച്ചിത്രമേള പുരോഗമിച്ചത്. അതേസമയം, തൻ്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് ചെയർമാൻ റസൂൽ പൂക്കുട്ടി പ്രതികരിച്ചു.

വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിൽ വിജയിച്ച സിനിമകളുടെ അവാർഡ് വിതരണവും നടക്കും.

SCROLL FOR NEXT