

ഐഎഫ്എഫ്കെയുടെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. സമയബന്ധിതമായി അപേക്ഷ നൽകിയിരുന്നു. ആദ്യം 187 സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥലത്തിലും ഇടപെട്ടാണ് പിന്നീട് സിനിമയ്ക്ക് അനുമതി ലഭിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
'ചില സിനിമകൾ പ്രദർശിപ്പിക്കാമെന്ന് വാക്കാൽ പറഞ്ഞു. എന്നാൽ ഉത്തരവ് വന്നപ്പോൾ ഇതിൽ മാറ്റം ഉണ്ടായി. മുഖ്യമന്ത്രിയെ ഉൾപ്പെടെ ഇക്കാര്യം ധരിപ്പിച്ചു. പിന്നീടാണ് കേരളം ഇതിൽ ശക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുത്തത്. എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കും എന്ന് നമ്മൾ തീരുമാനിച്ചു'- റസൂൽ പൂക്കുട്ടി പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ടാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യം ചീഫ് സെക്രട്ടറി ഉൾപ്പെടെ പിന്നീട് അറിയിച്ചു. അതുകൊണ്ടാണ് ചില സിനിമകൾ പ്രദർശിപ്പിക്കാതിരുന്നതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
പി.ടി. കുഞ്ഞുമുഹമ്മദിന് എതിരായ പരാതിയിൽ ഒരു നിമിഷം പോലും നടപടിയെടുക്കാൻ വൈകിയിട്ടില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. സത്വരമായ നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിനിമാപ്രവർത്തകരും ചലച്ചിത്രമേഖലയും അവൾക്കൊപ്പമാണെന്നും റസൂൽ പൂക്കുട്ടി നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി.