ഫ്രഞ്ച് ചിത്രം ‘നിനോ’ 
MOVIES

30ാമത് ഐഎഫ്എഫ്കെയിൽ പ്രേക്ഷക ഹൃദയം കവർന്ന് 'നിനോ'

വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ ആദ്യ ദിനം പ്രേക്ഷകരുടെ ഹൃദയം കവർന്നു. സംവിധായിക പോളിൻ ലോക്വിന്റെ വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നു. രോഗനിർണയം പ്രിയപ്പെട്ടവരുമായി പങ്കുവയ്‌ക്കാനുള്ള അയാളുടെ ബുദ്ധിമുട്ടുകളും ചികിത്സയുടെ ആരംഭത്തിൽ അയാൾ നേരിടുന്ന വൈകാരിക തകർച്ചയുമെല്ലാം ലോക്വെ അതിസൂക്ഷ്മമായ ദൃശ്യഭാഷയിലൂടെ പകർത്തിയിട്ടുണ്ട്. സിനിമയുടെ ഛായാഗ്രഹണം കഥാപാത്രങ്ങളുടെ വൈകാരിക നിലയിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൂട്ടിക്കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ചിത്രം ഹൃദയസ്പർശിയും ആഴത്തിൽ പതിയുന്നതും ആയിരുന്നുവെന്ന ഒറ്റ ഉത്തരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രീകരണത്തിലും സംവിധാനത്തിലും മികവുപുലർത്തിയ 'നിനോ'യ്ക്ക് മുന്നോട്ടുവച്ച ആശയങ്ങളിലൂടെ ബന്ധങ്ങളുടെ ആധികാരികത എടുത്തു പറയുന്നതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചെന്നാണ് പ്രേക്ഷകാഭിപ്രായം. മാനുഷിക വികാരങ്ങളുടെ സങ്കീർണതകൾ പ്രതിഫലിപ്പിക്കുന്ന ചിത്രം ഏവരുടെയും കരളലിയിച്ചു.

SCROLL FOR NEXT