

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി 'പലസ്തീൻ 36' പ്രദർശിപ്പിക്കുമ്പോൾ അതൊരു ഐക്യദാർഢ്യമോ, നിലപാടോ മാത്രമല്ല ശക്തമായ ഓർമപ്പെടുത്തൽ കൂടിയായി മാറുന്നു. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീൻ 36' പ്രേക്ഷകരിലേക്കെത്തുമ്പോൾ അത് ഉറച്ച രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി മാറുന്നു. 1936-ലെ പലസ്തീൻ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ആൻമേരി ജാസിർ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
കൂട്ടക്കൊലകളും, അധിനിവേശവും, അനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇന്നും അവസാനിക്കാതെ നിലനിൽക്കുന്നിടത്ത് ചിത്രം സംസാരിച്ചു തുടങ്ങുന്നു. ചരിത്രത്തിലൂടെ. തോക്കിൻമുനയിലൂടെ അടിച്ചമർത്തപ്പെടുന്ന കുറേയധികം മനുഷ്യർ, കൂട്ടംകൂട്ടമായി ചത്തൊടുങ്ങുന്ന മനുഷ്യജീവികൾ. സ്വത്വം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന ഒരു ഗ്രാമം. ഇന്ന് ലോകം അപലപിക്കുന്ന ഗാസയ്ക്കും മുൻപ് ബ്രിട്ടന്റെ അധിനിവേശത്തേരോട്ടത്തിനിടയിൽ കരുങ്ങിപ്പോയ പശ്ചിമേഷ്യ, അതിൽ ഏറെ രക്തം ചിന്തിയ പലസ്തീൻ. അവിടെ ഇന്നും നീറുന്ന മുറിപ്പാടുകൾ നിറഞ്ഞ ചരിത്രമാണ് അൻമേരി ജാസിർ തുറന്ന് വായിച്ചത്.
ജൂതർക്കായി ഇടമൊരുക്കാനുള്ള തയ്യാറെടുപ്പ്. യൂറോപ്പിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരുടെ പലസ്തീനിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിച്ച് നടത്തിയ ബാൽഫോർ പ്രഖ്യാപനം. 1917-ലെ ബാൽഫോർ പ്രഖ്യാപനം നടപ്പിലായത് ഏറെ രക്തം വീഴ്ത്തിയാണ്. 1938 സെപ്റ്റംബറിൽ ബ്രിട്ടീഷ് സൈന്യം അൽ ബസ്സ ഗ്രാമത്തിൽ നടത്തിയ കൂട്ടക്കൊല പലസ്തീൻ ചരിത്രത്തിൽ ഇന്നും നീറുന്ന മുറിവുകളിലൊന്നാണ്. ഗാസയിലെ നിലവിലെ സ്ഥിതിയേക്കാൾ, 2023 ഒക്ടോബർ 7 ലെ ഹമാസ് - ഇസ്രായേൽ സംഘർഷത്തേക്കാൾ ഏറെ കറുത്ത ഒരധ്യായത്തിന്റെ ശക്തമായ ഓർമപ്പെടുത്തൽ.
സിനിമയുടെ വൈകാരികത എല്ലാ കഥാപാത്രങ്ങളും അതേ അളവിൽ ഉൾക്കൊണ്ടിരിക്കുന്നതായി കാണാം. ഒരു രാഷ്ട്രീയ പ്രഖ്യാപനങ്ങളും ഇല്ലാതെ ജീവിക്കുന്നവരിൽപ്പോലും കൃത്യമായ രാഷ്ട്രീയവും,നിലപാടുകളും പ്രതികരണശേഷിയും രൂപപ്പെടുത്തുന്നത് അവർ കടന്നു പോകുന്ന അനുഭവങ്ങൾ കാരണമാകുന്നു. അനുഭവങ്ങളുടെ തീവ്രത എത്രത്തോളം എന്നതനുസരിച്ച് അവരുടെ നിലപാടുകളും തീവ്രമാകുന്നു. സാധാരണമനുഷ്യനിൽ നിന്ന് അവർ യുക്തിബോധമുള്ള പോരാളികളായി മാറുന്നു. ചിത്രത്തിലെപ്പോലെ.
ഒരു മധ്യവർഗ-ലിബറൽ പത്രാധിപരുടെ കീഴിൽ ജോലി നേടുന്ന ഗ്രാമീണ ബാലൻ, സയണിസവുമായി പൊരുത്തപ്പെടാൻ വിമുഖത കാണിക്കാത്ത, ലൗകികവാദിയായിരുന്ന യൂസഫ് (കരീം ദാവൂദ് അനയ). യൂസഫിന്റെ മാറ്റത്തിലൂടെ അത് കാണാനാകും. എങ്ങിനെയാണ് മനുഷ്യർ രാഷ്ട്രീയ ജീവികളാകുന്നതെന്ന്, അവർ രാഷ്ട്രീയത്തിലൂടെ പരുവപ്പെടുന്നതെന്ന്, അതിതീവ്ര തലങ്ങളിലേക്ക് വഴുതിമാറുന്നതെന്നും. ചിത്രം ആസ്വാദനമല്ല ഒരു ബോധ്യപ്പെടുത്തൽകൂടിയാകുന്ന കഥാസന്ദർഭങ്ങൾ. ജെറുസലേമിലെ കലാപ സാഹചര്യങ്ങളിൽ നിന്നാണ് യൂസഫിന്റെ ജീവിതം പറയുന്നത്.
ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നിടത്ത് സിനിമ പ്രേക്ഷകരുമായി കൃത്യമായ രാഷ്ട്രീയ സംവാദം നടന്നുന്നുണ്ട്. അഫ്രയും കരീമും അനുഭവിച്ച അരക്ഷിതമായ കുട്ടിക്കാലം. കൂട്ടക്കൊലകൾക്കും, ഒളിപ്പോരുകൾക്കുമിടയിൽ അവരറിയാതെ തന്നെ പോരാളികളായി മാറുന്നു. രാജ്യത്തോടൊപ്പം തന്നെ തനിക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു ചെറു ചിരിയോടെ നടന്നുമറയുന്ന ഖുലോദ്, തന്റെ ഒരേ സമയം പലസ്തീനൊപ്പവും, ബ്രിട്ടീഷ് നയങ്ങൾക്കൊപ്പവും നിലകൊണ്ട അമീർ എന്ന പത്രപ്രവർത്തകൻ. സ്വന്തം രാജ്യം വിൽപ്പനയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകൾ. നിസഹായതയിലും നിലനിൽപ്പിനായി ശബ്ദമുയർത്തിയ മനുഷ്യർ. ഒരോ കഥാപാത്രങ്ങളിലും എവിടെയെങ്കിലും നമുക്ക് നമ്മളെ കാണാനാകും.
hലസ്തീൻ, യു.കെ, ഫ്രാൻസ്, ഡെന്മാർക്ക് ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ഈ ചിത്രം, 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ അറബ് കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചരിത്രത്തിന്റെ ദൃശ്യാവിഷ്കാരമാണ്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീൻ കലാപം ആരംഭിച്ച വർഷം '1936'.'പലസ്തീൻ 36. എന്ന പേരിന്റെ ഉത്ഭവം അവിടെയാണ്.
2017 ൽ ഐഎഫ്എഫ്കെയിൽ സുവർണചകോരം പുരസ്‌കാരം നേടിയ 'വാജിബ്' എന്ന ചിത്രം മതി ആൻമേരി ജാസിർ എന്ന സംവിധായികയെ കേരളം ഓർക്കാൻ. പലസ്തീനിലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെയും കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതകളെയും വാജിബിലൂടെ മനോഹരമായി അവതരിപ്പിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ പലസ്തീൻ പോരാട്ടത്തിന്റെ, ചെറുത്തുനിൽപ്പിന്റെ ചരിത്രം പറഞ്ഞാണ് ആൻമേരി ജാസിർ എത്തിയിരിക്കുന്നത്.