ആമിർ ഖാൻ Source : X
MOVIES

"എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കഥ"; മഹാഭാരതം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് ആമിര്‍ ഖാന്‍

താങ്കള്‍ അര്‍ജുനന്‍ ആയാണോ കൃഷ്ണനായാണോ സിനിമയില്‍ എത്തുന്നതെന്ന ചോദ്യത്തിന് അറിയപ്പെടുന്ന മുഖങ്ങളൊന്നും തന്നെ സിനിമയുടെ ഭാഗമാകില്ലെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

മഹാഭാരതം എന്ന തന്റെ സ്വപ്‌ന സിനിമയുടെ ജോലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് നടന്‍ ആമിര്‍ ഖാന്‍. ഇന്ത്യന്‍ എക്‌സപ്രെസിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിച്ചത്. തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കഥയാണ് മഹാഭാരതമെന്നും ആമിര്‍ പറഞ്ഞു.

"ഓഗസ്റ്റില്‍ മഹാഭാരതം എന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കും. അത് സിനിമകളുടെ ഒരു പരമ്പരയായിരിക്കും. തുടര്‍ച്ചയായി സിനിമകള്‍ വരും. കാരണം ഒറ്റ സിനിമ കൊണ്ട് മഹാഭാരതം പറയാന്‍ കഴിയില്ല. ഈ കഥ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ആര്‍ക്കും അതിനെ കുറിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്ക് ആ കഥ പറയേണ്ടതുണ്ട്. അതിനാല്‍ ഞാന്‍ ആ സിനിമയുടെ ജോലികള്‍ ആരംഭിക്കുകയാണ്", ആമിര്‍ ഖാന്‍ പറഞ്ഞു.

താങ്കള്‍ അര്‍ജുനന്‍ ആയാണോ കൃഷ്ണനായാണോ സിനിമയില്‍ എത്തുന്നതെന്ന ചോദ്യത്തിന് അറിയപ്പെടുന്ന മുഖങ്ങളൊന്നും തന്നെ സിനിമയുടെ ഭാഗമാകില്ലെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. തന്നെ സംബന്ധിച്ച് കഥാപാത്രങ്ങളാണ് താരങ്ങള്‍. മഹാഭാരതത്തില്‍ പൂര്‍ണമായും പുതുമുഖങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ മഹാഭാരതം ആമിര്‍ ഖാന്റെ അവസാന സിനിമയായിരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ആമിര്‍ ഖാന്‍ വ്യക്തത വരുത്തിയിരുന്നു. "മഹാഭാരത് എന്റെ അവസാന സിനിമയായിരിക്കില്ല. ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ എന്ത് പറഞ്ഞാലും അതിന്റെ തെറ്റായ വ്യാഖ്യാനമാണ് പ്രചരിക്കുന്നത്", എന്നാണ് ആമിര്‍ പറഞ്ഞത്.

SCROLL FOR NEXT