'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്'  
MOVIES

പാപ്പന്റെ വണ്ടിക്ക് വട്ടംവയ്ക്കാൻ ആരുണ്ട്? രണ്ട് ദിനം കൊണ്ട് 48 കോടി ആഗോള ഗ്രോസ് നേടി 'ആട് 3'

വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് 'ആട് 3' തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസ് ആയി രണ്ട് ദിവസം കൊണ്ട് 48 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. അവധിക്കാലം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.

സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ തിയേറ്റർ കളക്ഷനിൽ മുന്നേറ്റമുണ്ടാക്കാൻ ഇതിനോടകം 'ആട് 3'ക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ ഷാജി പാപ്പാനെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. പ്രേക്ഷകർ 'ആട്' ഫ്രാഞ്ചൈസിക്ക് നൽകുന്ന സ്നേഹവും പിന്തുണയുമാണ് അവസാന ഭാഗത്തിന്റെ രണ്ടാം പാർട്ട് വേഗത്തിൽ ഇറക്കാനുള്ള തങ്ങളുടെ പ്രചോദനം എന്ന് നിർമാതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് 'ആട് 3'. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തിയത്.

ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

രണ്ട് ടൈംലൈനുകളിൽ വടംവലിച്ച് പാപ്പനും ഡ്യൂഡും; ആട് 3 റിവ്യൂ | Aadu 3 Review

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

SCROLL FOR NEXT