'ആട് 3' സിനിമ 
MOVIES

നാല് ദിവസം കൊണ്ട് 87 കോടി ആഗോള ഗ്രോസ്; എത്രയാണ് 'ആട് 3' ബജറ്റ്? വെളിപ്പെടുത്തി വിജയ് ബാബു

'ആട് 3'ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും അതോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുകയാണെന്നും സംവിധായകൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' മികച്ച കളക്ഷനും അഭിപ്രായവും നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. 'ധുരന്ധർ: ദ റിവഞ്ച്' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ഒപ്പം ക്ലാഷ് റിലീസ് ചെയ്തിട്ടും ഗംഭീര മുന്നേറ്റമാണ് സിനിമ നടത്തുന്നത്. ഇപ്പോഴിതാ ഈ എപ്പിക് ഫാന്റസി കോമഡി ചിത്രത്തിന്റെ ബജറ്റിനെ സംബന്ധിക്കുന്ന അഭ്യൂഹങ്ങൾക്ക് നിർമാതാവ് വിജയ് ബാബു വിരാമമിട്ടിരിക്കുന്നു.

'ആട് 3'യുടെ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിനിമയുടെ ബജറ്റിനെ സംബന്ധിക്കുന്ന ചോദ്യം ഉയർന്നത്.

"വളരെ നല്ല ചോദ്യമാണ്. സാധാരണ നോ കമന്റ്സ് എന്നാണ് അതിന് ഉത്തരമായി ഞാൻ പറയാറുള്ളത്. ഇപ്പോൾ വന്നിരിക്കുന്ന ഈ ഗ്രോസ് കളക്ഷന്റെ 70-75 ശതമാനത്തോളം അതിന്റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങൾക്ക് കണക്കുകൂട്ടാം," എന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി. 'ആട് 3'ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും അതോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുകയാണെന്നും സംവിധായകൻ മിഥുൻ മാനുവൽ തോമസും അറിയിച്ചു.

'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് 'ആട് 3' തിയേറ്ററുകളിലേക്ക് എത്തിയത്. നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, റിലീസ് ആയി നാല് ദിവസം കൊണ്ട് 87 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. അവധിക്കാലം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.

സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ തിയേറ്റർ കളക്ഷനിൽ മുന്നേറ്റമുണ്ടാക്കാൻ ഇതിനോടകം 'ആട് 3'ക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് 'ആട് 3'. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തിയത്.

ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

SCROLL FOR NEXT