ആമിർ ഖാൻ Source : X
MOVIES

"തീവ്രവാദികളെ മുസ്ലീങ്ങളായി കണക്കാക്കുന്നില്ല"; പഹല്‍ഗാം ഭീകരാക്രമണത്തില്‍ വൈകി പ്രതികരിച്ചതില്‍ ആമിര്‍ ഖാന്‍

ഭീകരാക്രമണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താരത്തിന്റെ പുതിയ സിനിമയായ 'സിത്താരേ സമീന്‍ പറി'ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

നടന്‍ ആമിര്‍ ഖാന്‍ പഹല്‍ഗാം ഭീകരാക്രമണത്തോട് പ്രതികരിച്ചത് വളരെ വൈകിയാണ്. അത് വലിയ തരത്തില്‍ സമൂഹമാധ്യത്തില്‍ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താരത്തിന്റെ പുതിയ സിനിമയായ 'സിത്താരേ സമീന്‍ പറി'ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അടുത്തിടെ ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വൈകി പ്രതികരിച്ചതെന്ന് ആമിര്‍ ഖാന്‍ വിശദീകരിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ മുസ്ലീങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

"ഞാന്‍ സമൂഹമാധ്യമത്തില്‍ ഇല്ല. ആളുകള്‍ ഉടനെ തന്നെ സമൂഹമാധ്യമത്തില്‍ പ്രതികരിക്കും"; നടന്‍ പറഞ്ഞു.

"ഭീകരാക്രമണം ക്രൂരമായിരുന്നു. നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറി സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് തീവ്രവാദികളുടെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. അവര്‍ ആളുകളുടെ മതം ചോദിച്ച് വെടിയുതിര്‍ത്തു. അതിന്റെ അര്‍ത്ഥമെന്താണ്", എന്നും ആമിര്‍ ചോദിച്ചു.

പുതിയ സിനിമയുടെ റിലീസ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ആമിര്‍ പ്രതികരിച്ചതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. "നമ്മുടെ സൈന്യം ഉചിതമായ പ്രതികരണം നല്‍കിയെന്ന് ഞാന്‍ പറഞ്ഞാല്‍, അതില്‍ എന്താണ് തെറ്റ്? ആ സമയത്ത് ഞാന്‍ സിനിമയെ കുറിച്ചാണോ സൈന്യത്തെ കുറിച്ചാണോ ചിന്തിക്കേണ്ടത്? പിന്നെ എന്റെ സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതുകൊണ്ട് ഞാന്‍ മിണ്ടാതിരുന്നാല്‍ അത് തെറ്റായി പോകുമെന്ന് എനിക്ക് തോന്നുന്നു. അതിനാലാണ് ഞാന്‍ സംസാരിച്ചത്", താരം വ്യക്തമാക്കി.

തന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് 12 മണിക്കൂറിന് ശേഷം 'സിത്താരെ സമീന്‍ പറിന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി എന്നത് യാദൃശ്ചികമാണെന്നും ആമിര്‍ പറഞ്ഞു. "ട്രെയ്‌ലര്‍ വളരെ നേരത്തെ റിലീസ് ചെയ്യേണ്ടതായിരുന്നു. നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടന്നതുകൊണ്ട് ഞാന്‍ അത് റദ്ദാക്കി. അന്ദാസ് അപ്‌നാ ആപിന്റെ പ്രീമിയറും റദ്ദാക്കി", ആമിര്‍ വാദിച്ചു.

"ഒരു മതവും നിങ്ങളോട് ആളുകളെ കൊല്ലാന്‍ ആവശ്യപ്പെടുന്നില്ല. നിരപരാധികളെ കൊല്ലാന്‍ പാടില്ലെന്നും സ്ത്രീയെയും കുട്ടിയെയോ അടിക്കാന്‍ പാടില്ലെന്നുമാണ് ഇസ്ലാമില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഈ തീവ്രവാദികളെ മുസ്ലീങ്ങളായി കണക്കാക്കുന്നില്ല. അവരുടെ പ്രവര്‍ത്തനം മതത്തിന് എതിരാണ്", എന്നും നടന്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT