2022 സെപ്റ്റംബറില്‍ കന്നഡയില്‍ പുറത്തിറങ്ങി കന്നഡ പ്രേക്ഷകര്‍ക്ക് വേണ്ടി നിര്‍മിച്ച കന്നഡ സംസ്‌കാരത്തെ ആഴത്തില്‍ ചര്‍ച്ച ചെയ്ത ഒരു സിനിമ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി. 'ഭൂത കോല' എന്ന കര്‍ണാടകയിലെ നാടോടികഥകളിലും ആചാരങ്ങളിലും വേരൂന്നിയ പാരമ്പര്യത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷമാക്കി ആ സിനിമ. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര' ദേശീയ തലത്തില്‍ പ്രേക്ഷക - നിരൂപക പ്രശംസ നേടി. 'കാന്താര'യ്ക്ക് റിലീസിന് ശേഷം ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.
കന്നഡ പാരമ്പര്യത്തില്‍ വേരൂന്നിയ ചിത്രമായിരുന്നിട്ടും 'കാന്താര' പാന്‍ ഇന്ത്യന്‍ ആയതിന് കാരണം അതിന്റെ കഥ തന്നെയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ചിത്രം പറഞ്ഞത്. അത് പ്രേക്ഷകരിലേക്ക് അനായാസം എത്തിക്കാന്‍ ഋഷഭ് ഷെട്ടി എന്ന സംവിധായകന് ആവുകയും ചെയ്തു. ആഗോള തലത്തില്‍ 400 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. അതുകൊണ്ട് തന്നെ 2023 നവംബറില്‍ 'കാന്താര : ചാപ്റ്റര്‍ 1' എന്ന പ്രീക്വല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആവേശത്തോടെയാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തത്.
എന്നാല്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ 'കാന്താര : ചാപ്റ്റര്‍ 1'നെ വിടാതെ പിന്തുടരുകയാണ് വിവാദങ്ങളും തടസങ്ങളും. പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന വിഷയം സംസാരിക്കുന്ന സിനിമ ചിത്രീകരണത്തിനായി കാട്ടിലെ മരം മുറിച്ചതില്‍ തുടങ്ങുന്ന 'കാന്താര : ചാപ്റ്റര്‍ 1' നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍.
മരം മുറി വിവാദത്തില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍
കര്‍ണാടകയിലെ ഹെരുരു ഗ്രാമത്തിലെ ഗാവിഗുദ്ദ എന്ന വനം പ്രദേശത്താണ് 'കാന്താര : ചാപ്റ്റര്‍ 1'ന്റെ ചിത്രീകരണം ആരംഭിച്ചത്. വളരെ രഹസ്യമായി നടന്നിരുന്ന ചിത്രീകരണം പരിസ്ഥിതിക്ക് നാശം വരുത്തുന്ന തരത്തിലാണെന്ന പ്രശ്‌നം പ്രദേശവാസികള്‍ ഉന്നയിച്ചതോടെ സംഭവം വാര്‍ത്തയായി. അതിന്റെ പേരില്‍ പ്രദേശവാസികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
ഗ്രാമ പ്രദേശങ്ങളിലാണ് ക്രൂവിന് ചിത്രീകരണത്തിനായുള്ള അനുമതി നല്‍കിയത്. എന്നാല്‍ വനത്തിലാണ് ക്രൂ ചിത്രീകരണം നടത്തുന്നതെന്നായിരുന്നു ആരോപണം. കൂടാതെ ചിത്രീകരണത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും പ്രശ്‌നം വഷളാക്കി. അത് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് പ്രശ്‌നമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചിത്രീകരണം മൃഗങ്ങളെയും പക്ഷികളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ സന്ന സ്വാമി ആരോപിച്ചു. സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ സിനിമാ ജീവനക്കാരെ നേരിട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. സംഘര്‍ഷത്തില്‍ സിനിമാ ജീവനക്കാര്‍ പ്രദേശവാസിയായ ഹരീഷിനെ ആക്രമിച്ചതായും ആരോപണം ഉണ്ടായിരുന്നു. പിന്നാലെ പ്രതിഷേധം ഉയരുകയും ചിത്രീകരണം അവിടെ നിന്ന് മാറ്റണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം നടത്തി. 'ഗോമാല പ്രദേശത്ത് ചെറിയ രീതിയിലാണ് തീപിടിത്തം സൃഷ്ടിച്ചത്. അവിടെ ചിത്രീകരണം നടത്താന്‍ അവര്‍ അനുമതി നേടിയിട്ടുണ്ട്. വനം മേഖലയിലെ ഒരു നിയമവും ലംഘിക്കപ്പെട്ടിട്ടില്ല', എന്നായിരുന്നു യെസലൂരു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോമസേഖര്‍ പറഞ്ഞത്. ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ വിവാദമായെങ്കിലും അന്വേഷണത്തില്‍ ക്രൂ പ്രശ്‌നങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയുകയായിരുന്നു. 2024 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
അപ്രതീക്ഷിത മരണങ്ങള്‍
2025 മെയ് മാസത്തില്‍ വീണ്ടും 'കാന്താര : ചാപ്റ്റര്‍ 1'നെ തേടി മറ്റൊരു പ്രശ്‌നമെത്തി. സെറ്റില്‍ ചിത്രീകരണത്തിനിടെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മരണപ്പെട്ടു. എം.എഫ്. കപില്‍ എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കര്‍ണാടകയിലെ കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ മുങ്ങി മരിക്കുകയായിരുന്നു. മലയാളിയായിരുന്ന കപില്‍ ഉച്ഛഭക്ഷണത്തിന്റെ സമയത്ത് നദിയില്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. തുടര്‍ന്ന് അന്ന് വൈകുന്നേരം അയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സമയത്തല്ല കപില്‍ മരിച്ചതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. കപിലിന്റെ മരണത്തിന് മുന്‍പ് കൊല്ലൂരില്‍ ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് മറഞ്ഞിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലായിരുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മരണ ശേഷം പിന്നീട് 'കാന്താര : ചാപ്റ്റര്‍ 1'നെ കുറിച്ച് വന്നത് മറ്റൊരു മരണ വാര്‍ത്തയായിരുന്നു. സിനിമയില്‍ അഭിനയിച്ചിരുന്ന നടന്‍ രാകേഷ് പൂജ ഹൃദയാഘോതം മൂലം മരണപ്പെടുകയായിരുന്നു. ചിത്രത്തില്‍ അയാളുടെ ഭാഗങ്ങള്‍ രാകേഷ് പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'കാന്താര' ടീം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇതോടെ ചിത്രീകരണം മാറ്റി വെച്ചു, റിലീസ് വൈകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.
ഒടുവില്‍ അഭ്യൂഹങ്ങളില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചു. 2025 ഒക്ടോബര്‍ 2ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപന സമയത്ത് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടാകില്ലെന്നും തീരുമാനിച്ചത് പോലെ തന്നെയാണ് ചിത്രീകരണം നടക്കുന്നതെന്നും നിര്‍മാതാക്കള്‍ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
എന്നാല്‍ വീണ്ടും 'കാന്തര : ചാപ്റ്റര്‍ 1'നെ മരണ വാര്‍ത്ത തേടിയെത്തി. പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നിജു ചിത്രത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം ജൂണ്‍ 12ന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും താരം യാത്രയ്ക്കിടെ മരിക്കുകയായിരുന്നു.
ഒടുവില്‍ വിനയായി ബോട്ട് അപകടം
അപകടങ്ങളുടെയും വിവാദങ്ങളുടെയും ഒരു കുത്തൊഴുക്ക് തന്നെയാണ് 'കാന്താര : ചാപ്റ്റര്‍ 1' ആരംഭിച്ചത് മുതല്‍ നടക്കുന്നത്. ജൂണ്‍ 15ന് സിനിമാ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും ബോട്ട് അപകടത്തില്‍ പെട്ടു. കര്‍ണാടകയിലെ ശിവമൊഗ ജില്ലയിലെ മെലിന്‍ കൊപ്പയ്ക്ക് സമീപമുള്ള ഒരു റിസര്‍വോയറിലാണ് സംഭവം. ഭാഗ്യവശാല്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷെ അപകടത്തില്‍ ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. ആഴം കുറഞ്ഞ ഭാഗത്തായിരുന്നു ബോട്ട് മറിഞ്ഞത് അതിനാല്‍ ആളുകള്‍ക്ക് സുരക്ഷിതമായി തന്നെ കരയിലെത്താന്‍ സാധിച്ചു.
സംഭവത്തില്‍ ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും പ്രതികരിച്ചിട്ടില്ല. അപകടങ്ങളും മരണങ്ങളും 'കാന്താര : ചാപ്റ്റര്‍ 1'നെ വിടാതെ പിന്തുടരുകയാണ്. പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന കഥാ പ്രമേയമായതിനാല്‍ വനം, പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിക്കേണ്ടത് ആവശ്യമാണ്. അത് തീര്‍ച്ചയായും അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളാണ്. അത്തരത്തില്‍ യാദൃശ്ചികമായി തന്നെയാണ് ഇത്രയും സംഭവ വികാസങ്ങള്‍ 'കാന്താര : ചാപ്റ്റര്‍ 1'ന്റെ സെറ്റില്‍ സംഭവിച്ചതെന്ന് നിസംശയം പറയാവുന്നതാണ്. ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മിക്കുമ്പോള്‍ ചിലവുകള്‍ ഏറെയാണ്. അതിനൊപ്പം ഇത്തരത്തിലുള്ള അപകടങ്ങളും വിവാദങ്ങളും കൂടി വരുമ്പോള്‍ അത് ചിത്രീകരണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
എന്തായാലും ഇന്ത്യയൊട്ടാകെ പ്രേക്ഷകര്‍ ഋഷഭ് ഷെട്ടിയുടെ 'കാന്താര : ചാപ്റ്റര്‍ 1'നായി കാത്തിരിക്കുകയാണ്. 'കാന്താര' പോലെ തന്നെ ചിത്രത്തിന്റെ പ്രീക്വലും പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. 2025 ഒക്ടോബര്‍ 2ന് വീണ്ടും ഋഷഭ് ഷെട്ടി സിനിമയിലൂടെ ഇന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിക്കുമോ എന്നതിനായി കാത്തിരിക്കാം.