ആമിര്‍ ഖാന്‍ നായകനായ എത്തിയ 'സിത്താരെ സമീന്‍ പര്‍' ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ജൂണ്‍ 20ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'കണ്ണപ്പ', 'മാ' എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും അത് 'സിത്താരെ സമീന്‍ പറി'നെ ബാധിച്ചിട്ടില്ല.
Sacnilk റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ച്ച ബോക്‌സ് ഓഫീസില്‍ നിന്നും 12.75 കോടിയാണ് നേടിയത്. വെള്ളിയാഴ്ച്ചത്തെ 6.65 കോടിയില്‍ നിന്നും വലിയ കുതിപ്പാണ് ചിത്രത്തിന്റെ കളക്ഷന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 108.30 കോടി നേടി.
'ലാല്‍ സിംഗ് ഛദ്ദ'യ്ക്ക് ശേഷം ബോളിവുഡ് താരം ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് 'സിത്താരെ സമീന്‍ പര്‍'. ചിത്രത്തില്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വര്‍മ്മ, സംവിത് ദേശായി, വേദാന്ത് ശര്‍മ്മ, ആയുഷ് ബന്‍സാലി, ആശിഷ് പെന്‍ഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിന്‍, നമന്‍ മിശ്ര, സിമ്രാന്‍ മങ്കേഷ്‌കര്‍ എന്നിവര്‍ ബോളിവുഡിലേക്ക് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ജെനീലിയ ഡിസൂസയാണ് നായിക. ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പാനിഷ് ചിത്രമായ 'ചാംപ്യന്‍സിന്റെ' റീമേക്ക് കൂടിയാണ് ഈ ചിത്രം. ഡോളി അലുവാലിയ, ഗുര്‍പാല്‍ സിംഗ്, ബ്രിജേന്ദ്ര കാല, അങ്കിത സെഹ്ഗാള്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം ശക്തമായ സഹതാരനിരയും ചിത്രത്തിലുണ്ട്.