
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ' ജൂണ്‍ 27നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. പ്രഭാസ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം ഒന്‍പത് കോടിയാണ് നേടിയത്. ദൈവമില്ലെന്ന് പറഞ്ഞവനില്‍ നിന്ന് ശിവ ഭക്തനായി പരിവര്‍ത്തനം ചെയ്യുന്ന നിര്‍ഭയ യോദ്ധാവായാണ് ചിത്രത്തില്‍ വിഷ്ണു മഞ്ചു എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണപ്പയുടെ കഥ തന്നെ പറയാന്‍ തിരഞ്ഞെടുത്തത് ശിവനാണെന്ന് വിഷ്ണു മഞ്ചു പറഞ്ഞു.
"ഈ തലമുറയോട് കണ്ണപ്പയുടെ കഥ പറയാന്‍ എന്നെ തിരഞ്ഞെടുത്തത് ശിവനാണ്. ഈ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നത് നല്ലതാണ്. ദൈവം ഉണ്ടോ എന്ന ചോദ്യം ചോദിക്കുന്നതില്‍ നിന്ന് നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരം ലഭിക്കുന്നു. ദൈവമായുള്ള നമ്മുടെ ബന്ധം വളരെ പവിത്രവും സ്വകാര്യവുമാണ്. നിങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയുള്ളൂ", എന്നാണ് വിഷ്ണു മഞ്ചു പറഞ്ഞത്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.