Source: X
MOVIES

'കന്നഡ സംസ്കാരത്തിൻ്റെ മൂല്യങ്ങളെ ബാധിക്കുന്നു'; ടോക്സിക് ടീസറിനെതിരെ പരാതിയുമായി ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം

ജനുവരി 8 ന് യാഷിൻ്റെ 40-ാം ജന്മദിനത്തിലാണ് ടോക്സിക്കിൻ്റെ ടീസർ പുറത്തിറങ്ങിയത്

Author : വിന്നി പ്രകാശ്

യാഷ് അഭിനയിച്ച കന്നഡ ചിത്രം ടോക്സിക്കിൻ്റെ ടീസറിനെതിരെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി. ടീസറിൽ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നു കാട്ടിയുമാണ് പരാതി.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമയുടെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ആം ആദ്മി പാർട്ടി വനിതാ വിഭാഗം പരാതിയിൽ ആവശ്യപ്പെട്ടു. പ്രായപരിധിയോ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പരസ്യമായി പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ ഉടൻ ഇടപെടണമെന്നും ടീസർ പിൻവലിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിനും പൊലീസിനും നിർദേശം നൽകണമെന്നും പരാതി സമർപ്പിച്ച ശേഷം സംസാരിച്ച ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങളുടെ പൊതുപ്രചരണം തടയാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

ജനുവരി 8 ന് യാഷിൻ്റെ 40-ാം ജന്മദിനത്തിലാണ് ടോക്സിക്കിൻ്റെ ടീസർ പുറത്തിറങ്ങിയത്. ടീസറിലെ കാറിനുള്ളിലെ സ്ത്രീയുമായുള്ള ലൈംഗികബന്ധം ചിത്രീകരിച്ചിരിക്കുന്ന രംഗം നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരാതിയുമായി ആം ആദ്മി പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

ടീസറിൽ സ്ത്രീകളെ അമിതമായി ഒബ്ജക്റ്റിഫൈ ചെയ്തിട്ടുണ്ടെന്ന പേരിൽ ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സ്ത്രീകളുടെ സന്തോഷത്തേയും കൺസെന്റിനേയും കുറിച്ച് ആളുകൾ തല പുകയ്ക്കട്ടെ, ഞങ്ങൾ ചിൽ ആണെന്ന സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു ഗീതു മോഹൻദാസ് ഇതിന് മറുപടി നൽകിയത്.

നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും ടോക്സിക്കിൽ അഭിനയിക്കുന്നു. 2026 ലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ടോക്സിക് മാർച്ച് 19 ന് ധുരന്ധർ രണ്ടാം ഭാഗവുമായാണ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുക.

SCROLL FOR NEXT