കൊച്ചിയില്‍ ബ്രൊമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിലേറ്റ പരുക്കില്‍ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്ന് നടന്‍ സംഗീത് പ്രതാപ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി താൻ നീരീക്ഷണത്തിലായിരുന്നുവെന്നും നാളെ ആശുപത്രി വിടുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സംഗീത് പറഞ്ഞു. അതേസമയം കാർ ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിനിമയുടെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നും സംഗീത് വ്യക്തമാക്കി.
സംഗീത് പ്രതാപിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട എല്ലാവർക്കും,
കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി, ഇപ്പോൾ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ നിരീക്ഷണത്തിലായിരുന്നു, നാളെ ആശുപത്രി വിടും. ദൈവത്തിന് നന്ദി, എനിക്ക് ചെറിയ പരിക്കുണ്ട്, പക്ഷേ ഇപ്പോൾ കുറവുണ്ട്. എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി, നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്, പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. കൂടാതെ ഞാൻ ഡ്രെെവർക്ക് എതിരെ കേസ് കൊടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന കഥകളെല്ലാം തെറ്റാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നു. എൻ്റെ ഭാഗത്ത് നിന്ന് അത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഉടൻ തന്നെ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാൻസിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുകയും ചിത്രം അധികം താമസിയാതെ സ്ക്രീനുകളിൽ എത്തുകയും ചെയ്യും.’
അപകടത്തില്‍പ്പെട്ട കാർ ഓടിച്ചിരുന്നത് സ്റ്റണ്ട് മാസ്റ്ററായിരുന്നു . സംഗീതിന് പുറമെ അര്‍ജുന്‍ അശോകനും പരുക്കേറ്റിരുന്നു. അപകടത്തിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയുമായിരുന്നു. തലകീഴായി മറിഞ്ഞ, കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്.