അജിത് കുമാർ അമ്മ മോഹിനി മണിക്കൊപ്പം 
MOVIES

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി വിജയ്‌

നിലവിൽ ദുബായ്‌യിലുള്ള നടൻ അമ്മയുടെ വിയോഗ വാർത്തയറിഞ്ഞതും ചെന്നൈയിലേക്ക് മടങ്ങി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിലവിൽ ദുബായ്‌യിലുള്ള നടൻ അമ്മയുടെ വിയോഗ വാർത്തയറിഞ്ഞതും ചെന്നൈയിലേക്ക് മടങ്ങി. പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യകര്‍മങ്ങള്‍ നടക്കുക.

അജിത്തിന്റെ സഹോദരൻ എസ്. അനിൽ കുമാർ ആണ് അമ്മയുടെ വിയോഗവാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. കുറച്ചുകാലമായി അമ്മയുടെ ആരോഗ്യനില വഷളായിരുന്നുവെന്നും ഇന്ന് പുലർച്ചെ ഉറക്കത്തിലാണ് മരണമടഞ്ഞതെന്നും അനിൽ എക്സിൽ കുറിച്ചു.

അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ സിനിമ - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ, രാധിക ശരത്കുമാർ എന്നിങ്ങിനെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.

"എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനിയുടെ വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിതനാണ്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. സ്നേഹനിധിയായ അമ്മയെ നഷ്ടപ്പെട്ട അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഈ കഠിന ഘട്ടത്തെ നേരിടാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ," എന്നാണ് വിജയ് എക്സിൽ കുറിച്ചത്.

മൂന്ന് വര്‍ഷം മുൻപാണ് അജിത്തിന്റെ അച്ഛന്‍ പി. സുബ്രഹ്മണ്യം അന്തരിച്ചത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.

SCROLL FOR NEXT