MOVIES

'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' കുട്ടികളുടെ സിനിമ, അഭിനയത്തെക്കുറിച്ചെങ്കിലും പറയാമായിരുന്നു; ജൂറിയുടെ പരാമര്‍ശത്തില്‍ ആനന്ദ് മന്മഥന്‍

''കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍, ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതിലാണ് ജൂറിയോടുള്ള എതിര്‍പ്പ്''

Author : ന്യൂസ് ഡെസ്ക്

55-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍. ഇത്തവണ മികച്ച കുട്ടികളുടെ ചിത്രം ഇറങ്ങിയില്ലെന്ന ജൂറിയുടെ പരാമര്‍ശത്തിലാണ് ആനന്ദ് മന്മഥന്റെ പ്രതികരണം. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രം കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ ചിത്രമാണെന്നും അതിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ആനന്ദ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ജൂറി പറഞ്ഞതിനോട് ചെറിയ എതിര്‍പ്പുള്ളത്, കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍, ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതിലാണ്. അവാര്‍ഡ് വേണമെന്നല്ല, കുട്ടികളുടെ അഭിനയത്തെക്കുറിച്ചെങ്കിലും പരാമര്‍ശിക്കാമായിരുന്നെന്ന് ആനന്ദ് മന്മഥന്‍ പറഞ്ഞു.

'കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ എല്ലാം നല്ല പ്രകടനമാണ് നടത്തിയതെന്നാണ് വിശ്വസിക്കുന്നത്. അതെല്ലാവരും പറഞ്ഞ കാര്യവുമാണ്. അത് പരിഗണിക്കപ്പെട്ടില്ലെന്നത് മാത്രമാണ് വിഷമമായി തോന്നിയത്. കുട്ടികളുടെ അഭിനയത്തിന് ഒരു പരാമര്‍ശമെങ്കിലും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു,' ആനന്ദ് മന്മഥന്‍ പറഞ്ഞു.

ഇത്തവണ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളുടെ കാറ്റഗറിയില്‍ ഒരു ചിത്രവും ഉള്‍പ്പെട്ടിരുന്നില്ല. ബാലതാരമായും ആരെയും പരിഗണിച്ചിരുന്നില്ല. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ജൂറി ചെയര്‍മാന്‍ പ്രതികരിച്ചത്. കുട്ടികളുടെ വൈകാരിക തലങ്ങള്‍ കാണിക്കുന്ന ചിത്രം വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥനും സഹ തിരക്കഥാകൃത്ത് ആനന്ദ് മന്മഥനും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ആനന്ദ് മന്മഥന്റെ വാക്കുകള്‍

'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' കുട്ടികളുടെ ചിത്രമായല്ല സെന്‍സര്‍ ചെയ്തിട്ടുള്ളത്. കുട്ടികളുടെ സിനിമ എന്ന കാറ്റഗറിയില്‍ തന്നെ സെന്‍സര്‍ ചെയ്ത ചിത്രം എന്ന നിലയില്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന തരത്തിലുള്ള നിയമം ചിലപ്പോള്‍ ഉണ്ടായിരിക്കാം. ചിത്രത്തിന് അവാര്‍ഡ് കിട്ടിയില്ലെന്നതിലല്ല ഞങ്ങള്‍ക്ക് വിഷമം. പക്ഷെ ജൂറി പറഞ്ഞതിനോട് ചെറിയ എതിര്‍പ്പുള്ളത്, കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍, ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതിലാണ്.

സിനിമയുടെ പ്രൊഡക്ഷന്‍ ഒക്കെ കഴിയുന്ന ഒരു സമയത്ത്, നിര്‍മാതാവുമായി സംസാരിക്കുമ്പോള്‍ അതിന്റെ സെയില്‍സുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് വരരുത് എന്നുള്ളതുകൊണ്ടാണ് ജനറല്‍ കാറ്റഗറിയില്‍ ചിത്രം ഉള്‍പ്പെടുത്തിയത്. കുട്ടികളുടെ ചിത്രമായി ഒരു സിനിമ ഇറക്കിയാല്‍ തിയേറ്റര്‍ കിട്ടാന്‍ വരെ ബുദ്ധിമുട്ടാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ സിനിമ നമ്മള്‍ എടുത്തത്. മനു അങ്കിള്‍ എന്ന ചിത്രത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് മികച്ച കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിലാണ്. അതിന് ദേശീയ പുരസ്‌കാരവും കിട്ടി. പക്ഷെ അത് സെന്‍സര്‍ ചെയ്തിരിക്കുന്നത് ഫീച്ചര്‍ ഫിലിമായിട്ടാണ്. അതുകൂടി ഈ അവസരത്തില്‍ പറയുകയാണ്.

അതിനപ്പുറത്തേക്ക് കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ എല്ലാം നല്ല പ്രകടനമാണ് നടത്തിയതെന്നാണ് വിശ്വസിക്കുന്നത്. അതെല്ലാവരും പറഞ്ഞ കാര്യവുമാണ്. അത് പരിഗണിക്കപ്പെട്ടില്ലെന്നത് മാത്രമാണ് വിഷമമായി തോന്നിയത്. കുട്ടികളുടെ അഭിനയത്തിന് ഒരു പരാമര്‍ശമെങ്കിലും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

സിനിമയ്ക്ക് അവാര്‍ഡ് നല്‍കണോ വേണ്ടയോ എന്നത് പൂര്‍ണമായും ജൂറിയുടെ തീരുമാനമാണ്. അദ്ദേഹം പറയുന്നതായി കണ്ടു കുട്ടികള്‍ ഡയറക്ടര്‍മാര്‍ പറഞ്ഞു കൊടുക്കുന്നത് പോലെ മാത്രമാണ് അഭിനയിച്ചതെന്ന്. അവര്‍ മുതിര്‍ന്നവരെ പോലെയാണ് സംസാരിക്കുന്നത്, മാത്രമല്ല, കുട്ടികളുടെ ചിത്രത്തില്‍ അച്ഛനോ അമ്മയോ ഒന്നും ഹീറോയായി വരുമ്പോള്‍ അതിനെ കുട്ടികളുടെ ചിത്രമായി കണക്കാക്കാനാവില്ലെന്ന്. കുട്ടികള്‍ക്ക് വേണ്ടി കൂടി സിനിമ ഉണ്ടാകണം. അതുണ്ടാകുന്നില്ല. കുട്ടികളുടെ ലോകമെന്ന് പറയുന്നത് വ്യത്യസ്തമാണ്. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമല്ല, കുട്ടികള്‍ക്ക് കൂടി വേണ്ടി സിനിമകള്‍ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. പക്ഷെ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' പൂര്‍ണമായും കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. അതെന്തുകൊണ്ട് കാണാതെ പോയി എന്നതിലും വിഷമമുണ്ട്. അതില്‍ കുട്ടികള്‍ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, അവരുടെ കഥയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഒരു പരാമര്‍ശമെങ്കിലും നടത്താമായിരുന്നു.

ഇത്തവണത്തെ അവാര്‍ഡുകള്‍ എല്ലാം നല്ല മികച്ച അവാര്‍ഡുകളായിരുന്നു. എല്ലാം അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിച്ചത്. പക്ഷെ അക്കൂട്ടത്തില്‍ ചിത്രത്തില്‍ കുട്ടികളുടെ അഭിനയം പോലും കണ്ടില്ലെന്ന് നടിച്ചു എന്നതിലാണ് വിഷമം.

SCROLL FOR NEXT