Source; Social Media
MOVIES

"ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, എന്റെ അടുത്ത സുഹൃത്തുമുണ്ട്"; 'ചത്താ പച്ച' ആദ്യ ടിക്കറ്റ് എടുത്ത് മോഹൻലാൽ

ചിത്രത്തിൽ അതിഥിതാരമായി എത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരവിനെ സൂചിപ്പിക്കുന്നതാണ് ഈ വാക്കുകളെന്ന് ആരാധകർ

Author : ശാലിനി രഘുനന്ദനൻ

മലയാളത്തിലെ WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച - റിങ് ഓഫ് റൗഡീസ്. പ്രമേയം കൊണ്ടുതന്നെ ഏറെ ചർച്ചയായ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ. 'ചത്താ പച്ച ഈ വരുന്ന ജനുവരി 22ന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്ത സുഹൃത്തുമുണ്ട്. അതുകൊണ്ട് സിനിമയുടെ ആദ്യത്തെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാൻ പോവുകയാണ്,' പ്രോമോ വീഡിയോയിൽ മോഹൻലാൽ പറയുന്നു. തന്റെ അടുത്ത സുഹൃത്തും സിനിമയിലുണ്ട് എന്ന് മോഹൻലാൽ പറയുന്നിടത്താണ് ആരാധകർ ആവേശം കൊള്ളുന്നത്.

ചിത്രത്തിൽ അതിഥിതാരമായി എത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരവിനെ സൂചിപ്പിക്കുന്നതാണ് ഈ വാക്കുകളെന്ന് ആരാധകർ പറയുന്നു. ഈ വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് ചത്താ പച്ച ടീം ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. ചിത്രത്തിന്റെ സംവിധായകൻ അദ്വൈത് നായർക്കും നിർമാതാവ് ഷിഹാൻ ഷൗക്കത്തിനും നടൻ ഇഷാൻ ഷൗക്കത്തിനും ഒപ്പമാണ് മോഹൻലാൽ വീഡിയോയിൽ വന്നിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഇതോടെ ആരംഭിച്ചിട്ടുണ്ട്.

റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണന്‍, ഷൗക്കത്ത് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസി'ന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. അര്‍ജുന്‍ അശോകന്‍ റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

ഫോര്‍ട്ട് കൊച്ചിയിലെ ഗുസ്തി സംസ്‌കാരത്തിന്റെ പശ്ചത്താലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ക്രൂവില്‍ തന്നെ മികവുറ്റ സാങ്കേതിക പ്രവര്‍ത്തകര്‍ ആണ്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രന്‍, ആക്ഷന്‍: കലൈ കിംഗ്‌സണ്‍, എഡിറ്റിംഗ്: പ്രവീണ്‍ പ്രഭാകര്‍, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടില്‍ ഒന്നായ ശങ്കര്‍- എഹ്‌സാന്‍- ലോയ്, മലയാളത്തില്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച.

ധര്‍മ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്, വേഫെറര്‍ ഫിലിംസ്, പിവിആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സ്, ദ പ്ലോട്ട് പിക്‌ചേഴ്‌സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും. സമകാലിക മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്ന വലിയൊരു റിലീസ് തന്നെ ആയിരിക്കും 'ചത്താ പച്ച' എന്നതില്‍ സംശയമില്ല.

SCROLL FOR NEXT