

കൊച്ചി: റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണന്‍, ഷൗക്കത്ത് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസി'ന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്ത്.
മലയാള സിനിമയിലെ അടുത്ത് വരാന്‍ ഇരിക്കുന്ന വലിയ റിലീസുകളില്‍ ഒന്നാണ് ചത്താപച്ച. ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. വിശാഖ് നായര്‍ അവതരിപ്പിക്കുന്ന 'ചെറിയാന്‍' എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
നേരത്തെ പുറത്തിറങ്ങിയ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് വിശാഖിന്റെ ഈ പുതിയ ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. മലയാളത്തില്‍ 'ആനന്ദം', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി', 'ഫൂട്ടേജ്' എന്നിവ മുതല്‍ ഹിന്ദിയിലെ 'എമര്‍ജന്‍സി' വരെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത വിശാഖ് നായരുടെ കരിയറിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരിക്കും ചെറിയാന്‍ എന്ന് ഈ പോസ്റ്റര്‍ ഉറപ്പുനല്‍കുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഗുസ്തി സംസ്‌കാരത്തിന്റെ പശ്ചത്താലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ക്രൂവില്‍ തന്നെ മികവുറ്റ സാങ്കേതിക പ്രവര്‍ത്തകര്‍ ആണ്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രന്‍, ആക്ഷന്‍: കലൈ കിംഗ്‌സണ്‍, എഡിറ്റിംഗ്: പ്രവീണ്‍ പ്രഭാകര്‍, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടില്‍ ഒന്നായ ശങ്കര്‍- എഹ്‌സാന്‍- ലോയ്, മലയാളത്തില്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച.
ധര്‍മ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്, വേഫെറര്‍ ഫിലിംസ്, പിവിആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സ്, ദ പ്ലോട്ട് പിക്‌ചേഴ്‌സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും. സമകാലിക മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്ന വലിയൊരു റിലീസ് തന്നെ ആയിരിക്കും 'ചത്താ പച്ച' എന്നതില്‍ സംശയമില്ല.