മോഹിനി 
MOVIES

"എന്റെ സമ്മതമില്ലാതെ ആ ഇന്റിമേറ്റ് സീന്‍ ചെയ്തു"; കണ്‍മണി സിനിമയിലെ അനുഭവം പങ്കുവെച്ച് മോഹിനി

ആദ്യം കരയുകയും വിസമ്മതിക്കുകയും ചെയ്‌തെങ്കിലും സിനിമയുടെ നിര്‍മാണത്തിന് പ്രശ്‌നം വരാതിരിക്കാന്‍ താല്‍പര്യമില്ലെങ്കിലും ആ സീന്‍ ചെയ്യുകയായിരുന്നു എന്നും മോഹിനി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സംവിധായകന്‍ ആര്‍ കെ സെല്‍വമണിയുടെ കണ്‍മണി എന്ന സിനിമയില്‍ തന്റെ അനുവാദമില്ലാതെ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് നടി മോഹിനി. ആദ്യം കരയുകയും വിസമ്മതിക്കുകയും ചെയ്‌തെങ്കിലും സിനിമയുടെ നിര്‍മാണത്തിന് പ്രശ്‌നം വരാതിരിക്കാന്‍ താല്‍പര്യമില്ലെങ്കിലും ആ സീന്‍ ചെയ്യുകയായിരുന്നു എന്നും മോഹിനി പറഞ്ഞു.

"സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് സ്വിം സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ആ സീന്‍ ആസൂത്രണം ചെയ്തത്. അത് ചെയ്യാന്‍ എനിക്ക് വളരെ അസ്വസ്ഥത തോന്നി. ഞാന്‍ കരയുകയും അത് ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു. അപ്പോള്‍ ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് നിര്‍ത്തി വെച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പുരുഷ ഇന്‍സ്ട്രക്ടര്‍മാര്‍ക്കൊപ്പം അത്തരം വസ്ത്രം ധരിച്ച് നീന്തല്‍ പഠിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. അക്കാലത്ത് സ്ത്രീകള്‍ അത്തരം ജോലികളില്‍ ഇല്ലെന്ന് തന്നെ പറയാം. അതിനാല്‍ ആ സീന്‍ ചെയ്യുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിച്ചില്ല. ഉടല്‍ തഴുവ എന്ന ഗാനത്തിലെ സീക്വന്‍സ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയായ പോലെ എനിക്ക് തോന്നി", മോഹിനി പറഞ്ഞു.

"അങ്ങനെ ഞാന്‍ പകുതി ദിവസം ജോലി ചെയ്ത്, അവര്‍ ആവശ്യപ്പെട്ടത് കൊടുത്തു. പിന്നീട് അതേ രംഗം ഊട്ടിയില്‍ ചിത്രീകരിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍, ഞാന്‍ വിസമ്മതിച്ചു. ഷൂട്ട് തുടരില്ലെന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അത് നിങ്ങളുടെ പ്രശ്‌നമാണ് എന്റെയല്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ സമ്മതമില്ലാതെ ഞാന്‍ അമിതമായി ഗ്ലാമറസായി അഭിനയിച്ച ഒരേ ഒരു സിനിമ കണ്‍മണി ആയിരുന്നു", എന്നും അവര്‍ വ്യക്തമാക്കി.

കണ്‍മണിയിലെ തന്റെ വേഷം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്നും മോഹിനി പറഞ്ഞു. എന്നാല്‍ അതിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശിവാജി ഗണേശന്‍, നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, ശിവരാജ്കുമാര്‍, വിജയകാന്ത്, വിഷ്ണുവര്‍ദ്ധന്‍, വിക്രം, രവിചന്ദ്രന്‍, ശരത്കുമാര്‍, മോഹന്‍ ബാബു, സുരേഷ് ഗോപി തുടങ്ങി വലിയ നിരവധി താരങ്ങള്‍ക്കൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്.

'ചിന്ന മരുമകള്‍', 'ആദിത്യ 369', 'ഹിറ്റ്ലര്‍', 'നാടോടി', 'ഇന്നത്തെ ചിന്താ വിഷയം', 'സൈന്യം', 'വേഷം', 'ഒരു മറവത്തൂര്‍ കനവ്', 'ഗഡിബിഡി അളിയ', 'തായാഗം' തുടങ്ങിയ സിനിമകളില്‍ അവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. 2011ല്‍ പുറത്തിറങ്ങിയ കളക്ടര്‍ എന്ന മലയാള ചിത്രത്തിലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.

SCROLL FOR NEXT