ശ്വേത മേനോന്‍, സാബുമോന്‍ 
MOVIES

"ശ്വേത മേനോനെതിരായ പരാതി വ്യാജമെന്ന് പകല്‍ പോലെ വ്യക്തം"; പിന്തുണയുമായി സാബുമോന്‍

ഈ വിഷയത്തില്‍ സിനിമ കൂട്ടായ്മയില്‍ നിന്ന് ആരും മിണ്ടാത്തത് വിഷയമാണെന്നും സാബുമോന്‍ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരെയുള്ള കേസ് വ്യാജമാണെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് നടന്‍ സാബുമോന്‍. "ഇന്നു ഞാന്‍ നാളെ നീ", എന്ന ക്യാപ്ക്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാബുമോന്‍ ശ്വേത മേനോന് പിന്തുണ അറിയിച്ചത്. ഈ വിഷയത്തില്‍ സിനിമ കൂട്ടായ്മയില്‍ നിന്ന് ആരും മിണ്ടാത്തത് വിഷയമാണെന്നും സാബുമോന്‍ കുറിച്ചു.

സാബുമോന്റെ കുറിപ്പ് :

ഇന്നു ഞാന്‍ നാളെ നീ...

ഇന്ന് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു, ശ്വേത മേനോന്റെ പേരില്‍ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകള്‍ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.

കോടതിയില്‍ കൊടുത്ത പെറ്റീഷന്‍ ഞാന്‍ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ഉള്ള സെക്‌സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനില്‍ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകല്‍ പോലെ വ്യക്തം.

എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശബ്ദത ആണു! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവര്‍ത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണയുണ്ടായാല്‍ മതി. സോഷ്യല്‍ മീഡിയകളില്‍ ഉള്ള സാധാരണ മനുഷ്യര്‍ പോലും അവര്‍ക്കായി സംസാരിക്കുമ്പോള്‍ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.

അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവര്‍ത്തകരും സാധാരണ മനുഷ്യര്‍ ആണു. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്‌നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവര്‍ ബാക്കി ഉണ്ടെങ്കില്‍, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളില്‍ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ

നിശബദ്ധതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാന്‍ നാളെ നീ...

അതേസമയം മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ശ്വേത മേനോനെതിരെ കേസ് എടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.

SCROLL FOR NEXT