MOVIES

കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ... ഷറഫുദീന്‍ ചിത്രം "പെറ്റ് ഡിറ്റക്ടീവ്" ഒടിടിയിലേക്ക്

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്

Author : ന്യൂസ് ഡെസ്ക്

തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഷറഫുദീന്‍ ചിത്രം പെറ്റ് ഡിറ്റക്ടീവ് ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു ചിത്രം നവംബര്‍ 28 മുതല്‍ സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് - ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി എന്നിവരാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.

വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. രാജേഷ് മുരുകേശന്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത്.

ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീന്‍ വേഷമിട്ട ചിത്രം ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹിച്ചതെന്ന് നടൻ ഷറഫുദ്ദീന്‍. ഒടിടിയില്‍ നവംബര്‍ 28 മുതല്‍ സ്ട്രീമിങ് തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

SCROLL FOR NEXT