ഷെഫാലി ജാരിവാല  Source : Instagram
MOVIES

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് 'കാട്ടാ ലഗാ' മ്യൂസിക് വീഡിയോ സെന്‍സേഷന്‍

അപാര്‍ട്‌മെന്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നടിയുടെ ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി മുംബൈയിലെ ബെല്ലെവ്യൂ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

"അന്ധേരിയിലെ വീട്ടില്‍ വെച്ചാണ് നടി മരണപ്പെട്ടത്. രാവിലെ ഒരു മണിക്കാണ് പൊലീസിന് വിവരം ലഭിച്ചത്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല", എന്നാണ് പൊലീസ് പറയുന്നത്.

മുംബൈ പൊലീസിന്റെ കീഴിലുള്ള ഒരു മൊബൈല്‍ ഫോറന്‍സിക് യൂണിറ്റ് ഷെഫാലിയുടെ അപാര്‍ട്‌മെന്റില്‍ പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അപാര്‍ട്‌മെന്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നടിയുടെ ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി മുംബൈയിലെ ബെല്ലെവ്യൂ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി 11.15നാണ് ഷെഫാലിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ഡ്യൂട്ടി ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

2002ല്‍ പുറത്തിറങ്ങിയ 'കാട്ടാ ലഗാ' മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. 2000-ത്തിന്റെ തുടക്കത്തില്‍ പോപ്പ് സംസ്‌കാരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു ഷെഫാലിയും ഈ ആല്‍ബവും. അതോടെ അവര്‍ ഒരു ദേശീയ താരമായി മാറി. പിന്നീട് 2004ല്‍ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിച്ച 'മുജ്‌സെ ശാദി കരോഗി' എന്ന ചിത്രത്തില്‍ താരം കാമിയോ വേഷം ചെയ്തു. 2019ല്‍ ബിഗ് ബോസ് സീസണ്‍ 13ല്‍ പങ്കെടുത്തതോടെ ഷെഫാലി വീണ്ടും പ്രശസ്തയായി.

SCROLL FOR NEXT