MOVIES

"ഞങ്ങടെ രംഗണ്ണൻ നിങ്ങളോട് എന്തുതെറ്റ് ചെയ്തു"? 'ഇല്ലുമിനാറ്റി'യെ ആൻഡ്രിയ കൊന്നു കൊലവിളിച്ചെന്ന് സോഷ്യൽ മീഡിയ

തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

പിന്നണി ഗായികയായി സിനിമയിലെത്തി പിന്നീട് തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ആൻഡ്രിയ ജെർമിയ. ഇപ്പോഴിതാ ആവേശം സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റി സ്റ്റേജിൽ പാടി ട്രോളുകൾ ഏറ്റ് വാങ്ങുകയാണ് ആൻഡ്രിയ. ടോയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ആണ് ആൻഡ്രിയ ഗാനം ആലപിച്ചത്. തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. ഈ ​ഗാനത്തിനാണ് ട്രോളുകൾ വരുന്നത്. സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്.

ആൻഡ്രിയയുടെ പാട്ടിൽ ആരാധകർ നൽകുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, ഈ പാട്ടു കേട്ടാൽ രംഗണ്ണൻ ഇറങ്ങി ഓടും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്. രംഗണ്ണനോട് എന്തോ ദേഷ്യം ഉണ്ടെന്ന് തോന്നുന്നു, എടാ മോളെ... എന്ത് തെറ്റാണ് ഞങ്ങടെ രംഗണ്ണൻ നിങ്ങളോട് ചെയ്തത്. പാട്ടിൻ്റെ ഒറിജിനൽ വരികൾ മറന്നല്ലോ എന്നൊക്കെയും ആരാധകർ കമൻ്റിൽ ചോദിക്കുന്നുണ്ട്.

ജീത്തു മാധവൻ്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രമാണ് ആവേശം. സുഷിൻ ശ്യാമാണ് സിനിമയിലെ പാട്ടുകൾ ഒരുക്കിയത്. സിനിമ ഇറങ്ങിയ സമയത്ത് ഗാനം വമ്പൻ രീതിയിലാണ് ആഘോഷിച്ചത്. സോഷ്യൽ മീഡിയ മുഴുവനും ആ സമയത്ത് ഭരിച്ചതും രം​ഗണ്ണൻ തന്നെയായിരുന്നു.

അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്.

റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.

SCROLL FOR NEXT