മലയാളം മിനി സ്ക്രീനിൽ നിന്ന് അഭിനയ ജീവിതം ആരംഭിച്ച നടി സ്വാസിക ഇപ്പോൾ തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്. 'ലബ്ബർ പന്ത്', 'കറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ ശശി ഒരുക്കിയ 'നൂറു സാമി'യാണ് സ്വാസികയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ, തമിഴ് പ്രേക്ഷകരുടെ പ്രശംസയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടി.
"നമസ്കാരം, എല്ലാ തമിഴ് മക്കൾക്കും എന്റെ വലിയ നന്ദി. നിങ്ങളോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല. അത്രയും, സ്നേഹമാണ് എനിക്ക് നിങ്ങൾ തരുന്നത്. 'ലബ്ബർ പന്ത്' മുതൽ 'നൂറു സാമി' വരെ...നിങ്ങളെങ്ങനെ എന്നെ വിശ്വസിച്ച് തിയേറ്ററിൽ എത്തി... എങ്ങനെ ശശി സാർ എന്നെ വിശ്വസിച്ച് ഇത്രയും വലിയ ഒരു റോൾ തന്നു.. വിജയ് ആന്റണി സാർ അതിനെങ്ങനെ സമ്മതിച്ചു...എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഞാൻ പ്രധാന വേഷത്തിൽ എത്തുന്നൊരു സിനിമ ഇത്രയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതും അത് എല്ലാവരും രസിച്ച് കാണുന്നതും സ്വപ്നം കാണാതെ ഒരു നാൾ പോലും ഞാൻ ഉറങ്ങിയിട്ടില്ല. ഇന്ന് അതെല്ലാം യാഥാർഥ്യമായിരിക്കുന്നു. തമിഴ് പ്രേക്ഷകർ എനിക്ക് എത്ര വലിയ പിന്തുണയാണ് നൽകുന്നത്. എന്റെ ഓക്സിജൻ നിങ്ങളാണ്. നിങ്ങൾ തരുന്ന സ്നേഹത്തിന് എല്ലാക്കാലത്തും ഞാൻ കടപ്പെട്ടിരിക്കും. ഉത്തരവാദിത്തതോടെ പടങ്ങൾ തിരഞ്ഞെടുക്കും. 'നൂറു സാമി' എനിക്ക് പ്രധാനപ്പെട്ട ചിത്രമാണ്. 'നൂറ് സാമി'ക്ക് ഇനിയും പിന്തുണ നൽകണം. എന്നെ ഇതേപോലെ സ്നേഹിക്കൂ. നിങ്ങളെ ഞാൻ നിരാശരാക്കില്ല. നിറയെ നല്ല വേഷങ്ങൾ ചെയ്യും. നന്ദി," എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സ്വാസിക പറഞ്ഞത്.
'നൂറു സാമി'യുടെ പ്രീ റിലീസ് ഇവന്റിനിടെ സംവിധായകൻ മിഷ്കിൻ സ്വാസികയുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. സ്വാസിക ചിത്രത്തിലെ നായികാവേഷം മനോഹരമാക്കിയെന്നും നടിയുടെ പ്രകടനം തന്നെ സ്വാധീനിച്ചുവെന്നുമാണ് മിഷ്കിൻ പറഞ്ഞത്. പ്രസംഗത്തിന് ശേഷം സദസിലേക്കിറങ്ങിച്ചെന്ന സംവിധായകൻ സ്വാസികയുടെ കാലിൽ തൊട്ടുവണങ്ങുകയും ചെയ്തിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ 'നൂറു സാമി' ജൂൺ 19നാണ് തിയേറ്ററുകളിലെത്തിയത്. 'പിച്ചൈക്കാരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലാജി ശ്രീറാമാണ് സംഗീത സംവിധാനം.