താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി ഉഷ ഹസീന. നടി കുക്കു പരമേശ്വരനെതിരെയാണ് പരാതി. കുക്കു മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പിന്മാറ്റാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
"നശിപ്പിച്ചെന്ന് കുക്കു അവകാശപ്പെടുന്ന മെമ്മറി കാര്‍ഡ് ഇപ്പോഴും അവരുടെ കൈവശമുണ്ട്. അത് സ്വാര്‍ത്ഥ താല്‍പര്യത്തിനും മറ്റാര്‍ക്കോ വേണ്ടിയും ഉപയോഗിക്കുകയാണ്. സിനിമാ രംഗത്തെ സ്ത്രീകളെ അവര്‍ ചതിക്കുകയാണ് ചെയ്തത്. ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് പുറത്തുവരേണ്ടതുണ്ട്", എന്നും പരാതിയില്‍ ഉഷ ഹസീന പറയുന്നു.
"അമ്മയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കുക്കു പരമേശ്വരന്‍ ഞങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അതുകൊണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്", ഉഷ പറഞ്ഞു.
"നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ പുറത്ത് പരാതി നല്‍കരുതെന്ന് പറഞ്ഞിരുന്നു. 15-ാം തീയതി വരെ ക്ഷമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ക്ക് പുറകില്‍ ആരുമില്ല. ഇവരൊന്നും മത്സരിക്കരുതെന്ന് ഞങ്ങള്‍ പറയുന്നില്ല. മത്സരിക്കുന്നവര്‍ക്ക് അര്‍ഹതയും യോഗ്യതയും വേണം", എന്നും ഉഷ ഹസീന വ്യക്തമാക്കി.
ഇന്റെണല്‍ കമ്മറ്റിയില്‍ എന്തുകൊണ്ട് മെമ്മറി കാര്‍ഡിന്റെ വിഷയം കുക്കു പരമേശ്വരന്‍ പറഞ്ഞില്ല. ഇന്റെണല്‍ കമ്മറ്റി ഉണ്ടെന്നും അതില്‍ കുക്കു അംഗമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനുശേഷം ആണ് ഞാന്‍ അറിയുന്നത്. മെമ്മറി കാര്‍ഡ് ആദ്യം സുരക്ഷിതമാണെന്നും എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നും പറഞ്ഞു. പിന്നീട് ഒരു കോപി ഇടവേള ബാബുവിന്റെ കയ്യില്‍ ഉണ്ടെന്ന് അറിയുകയായിരുന്നു', നടി കൂട്ടിച്ചേര്‍ത്തു.
മെമ്മറി കാര്‍ഡ് വെച്ച് മുതലെടുക്കുന്നുണ്ടെങ്കില്‍ അത് അവസാനിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രിയില്‍ വിശ്വാമുണ്ടെന്നും ഉഷ ഹസീന പറഞ്ഞു.