MOVIES

'പദയാത്ര' റിലീസ് തീയതി പുറത്ത്; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രം തിയേറ്ററുകളിലേക്ക്

1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മൂന്ന് പതിറ്റാണ്ടിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ടീം ഒന്നിക്കുന്ന 'പദയാത്ര' സിനിമയുടെ റിലീസ് തീയതി പുറത്ത്. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ചിത്രം ഒടിടിയിലാകും എത്തുക എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അണിയറപ്രവർത്തകർ തിയേറ്റർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.

മീരസാഹിബ് ആണ് മുഖ്യ സംവിധാന സഹായി. നിർമാണ സഹകരണം: ജോർജ് സെബാസ്‌റ്റ്യൻ, ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്ര സംയോജനം: പ്രവീൺ പ്രഭാകർ, കലാ സംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, മേക്കപ്പ്: റോണെക്സസ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: എസ്.ബി. സതീശൻ, ശബ്ദമിശ്രണം: കിഷൻ മോഹൻ (സപ്‌താ റെക്കോർഡ്‌സ്) എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

1994ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് 'പദയാത്ര'. 1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. 'മതിലുകൾ', , 'വിധേയൻ' എന്നിവയാണ് ഇരുവരും മുൻപ് ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇവയ്‌ക്കെല്ലാം ക്ലാസിക്കുകളുടെ സ്ഥാനമാണ് ഇന്ത്യൻ സിനിമയിലുള്ളത്.

'മതിലുകളി'ലെ വൈക്കം മുഹമ്മദ് ബഷീറും 'വിധേയനി'ലെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്മിയും മമ്മൂട്ടിയുടെ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളാണ്. രണ്ട് കഥാപാത്രങ്ങളും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു.

'പിന്നെയും' ആണ് അവസാനമായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം. ദീലീപ്, കാവ്യാ മാധവൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ, പ്രേക്ഷക- നിരൂപക പ്രശംസ നേടാൻ ഈ സിനിമയ്ക്ക് സാധിച്ചില്ല. വീണ്ടും മമ്മൂട്ടിയുമായി അടൂർ കൈകോർക്കുമ്പോൾ ഒരു ക്ലാസിക് ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT