ഐശ്വര്യ റായ് Source : X
MOVIES

"അനുവാദമില്ലാതെ എന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയണം"; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഐശ്വര്യ റായ്

ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

അനുമതിയില്ലാതെ തന്റെ പേര്, ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ എന്നിവ ആളുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

"ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. അതെല്ലാം തന്നെ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. അവരുടെ മുഖവും പേരും ഉപയോഗിച്ച് ആളുകള്‍ പണം സമ്പാദിക്കുന്നു" , എന്നാണ് ഐശ്വര്യ റായിയുടെ അഭിഭാഷകന്‍ സന്ദീപ് സേതി കോടതിയെ അറിയിച്ചത്.

ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതോ അനുമതിയില്ലാതെ അവരുടെ വ്യക്തിത്വം ഉപയോഗിക്കുന്നതോ ആയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയും വ്യക്തികളെയും അതില്‍ നിന്ന് തടയുമെന്ന് ഹര്‍ജി പരിഗണിച്ച ശേഷം ജസ്റ്റിസ് തേജസ് കരിയ വ്യക്തമാക്കി.

ഐശ്വര്യ റായിക്ക് മുന്‍പ് മുതിര്‍ന്ന ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് എതിരെ മെയ് മാസത്തില്‍ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ അമിതാബ് ബച്ചന്റെ വ്യക്തിത്വത്തിന്റെയും പരസ്യ ആവകാശങ്ങളുടെയും ലംഘനം നടത്തുന്ന വ്യക്തികളെയും ഓര്‍ഗനൈസേഷനുകളെയും ഹൈക്കോടതി 2022 നവംബറില്‍ വിലക്കിയിരുന്നു.

SCROLL FOR NEXT