
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ്. പ്രഖ്യാപന സമയം തൊട്ടെ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിനിമാ മേഖലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സിദ്ധാര്‍ഥ് ആനന്ദ് തന്റെ ഇതുവരെയുള്ള കരിയറിനെ കുറിച്ചും വരാനിരിക്കുന്ന കിംഗ് എന്ന ചിത്രത്തെ കുറിച്ചും തുറന്ന് സംസാരിച്ചു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
നിലവില്‍ തന്റെ ഒന്‍പതാമത്തെ ചിത്രമായ കിംഗിന്റെ ചിത്രീകരണത്തിലാണ്. ഷാരൂഖ് ഖാന് പുറമെ സുഹാനാ ഖാന്‍, ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍ എന്നിവരും ചിത്രത്തിലുണ്ട്. എല്ലാ സിനിമകളും തങ്ങളുടെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. "നിങ്ങള്‍ ഒരു സിനിമ നിര്‍മിക്കുമ്പോഴെല്ലാം ആ സിനിമ നിങ്ങളുടെ ഹൃദയത്തോട് ഏറ്റവും അടുത്തായിരിക്കും. ഇപ്പോള്‍ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്", സിദ്ധാര്‍ഥ് പറഞ്ഞു.
കിംഗില്‍ ഷാരൂഖ് ഖാന്‍ ഒരു കൊലയാളിയുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ദി ആര്‍ച്ചീസിലൂടെ അരങ്ങേറ്റം കുറിച്ച സുഹാന അദ്ദേഹത്തിന്റെ ശിഷ്യയുടെ കഥാപാത്രമായിരിക്കും ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. സുഹാന ഖാന്റെ ആദ്യ തിയേറ്റര്‍ റിലീസ് കൂടിയാണ് കിംഗ്. ജാക്കി ഷ്രോഫ്, ജയദീപ് അഹ്ലാവത്, അര്‍ഷാദ് വാര്‍സി, അഭയ് വര്‍മ എന്നിവരും ചിത്രത്തിലുണ്ട്.
നേരത്തെ ലാലന്റോപ്പിന് നല്‍കിയ അഭിമുഖത്തില്‍ ജയദീപ് അഹ്ലാവത് കിംഗിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ വേഷം ലഭിക്കാന്‍ ഷാരൂഖ് ഖാനാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് കിംഗ്. ചിത്രത്തില്‍ എക്‌സ്റ്റെന്റഡ് കാമിയോ റോളിലാണ് ദീപിക എത്തുന്നത്. സുഹാന ഖാന്റെ അമ്മയുടെ വേഷമാണ് താരം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിദ്ധാര്‍ഥ് ആനന്ദിന്റെ കിംഗ് ഒരു ആക്ഷന്‍ ത്രില്ലറാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദറുമാണ്.