ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും 2008ല്‍ പുറത്തിറങ്ങിയ 'ടഷനിലാണ്' അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഹൈവാന്‍' എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫിനൊപ്പം വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍.
"പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യുന്നു എന്നത് മികച്ചൊരു കാര്യമാണ്. ഏറ്റവും മികച്ച കാര്യം സെയ്ഫിനൊപ്പം അഭിനയിക്കുന്നു എന്നതാണ്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഷൂട്ട് ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്", അക്ഷയ് കുമാര്‍ പറഞ്ഞു.
"അദ്ദേഹം ഒരുപാട് തമാശ പറയുന്ന വ്യക്തിയാണ്. പക്ഷെ ഞങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസമുണ്ട്. അദ്ദേഹം സൗത്ത് മുംബൈയില്‍ നിന്നാണ്. ഞാന്‍ ആണെങ്കില്‍ അന്ധേരി, ബോറിവല്ലി ഭാഗത്തുനിന്നും. അപ്പോള്‍ രണ്ട് പേരുടെയും തമാശകള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ അദ്ദേഹത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് രസകരമായൊരു അനുഭവമാണ്", അക്ഷയ് കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്റെ 'ഹൈവാന്‍' ഒരു ത്രില്ലറാണ്. ചിത്രത്തിന് മറ്റ് പേരുകള്‍ കൊടുക്കാന്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പ്രധാന അഭിനേതാക്കളുടെ കഥാപാത്രങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇതാണ് ഏറ്റവും ഉചിതമായ പേരെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. 2026ല്‍ ചിത്രം റിലീസ് ചെയ്യും.
ഹൈവാനും ടഷനും മുന്നെ നിരവധി സിനിമകളില്‍ സെയ്ഫും അക്ഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മേ ഖിലാഡി തൂ അനാരി (1994), യേ ദില്‍ലഗി (1994), തു ചോര്‍ മെ സിപ്പായി (1996), കീമത്ത് (1998) എന്നിവയാണ് ഇരുവരും ഒന്നിച്ച കള്‍ട്ട് ക്ലാസിക്കുകള്‍.