മുംബൈ: ആലിയ ഭട്ട്, ഷർവരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ആൽഫ'യുടെ സെൻസറിങ് പൂർത്തിയായി. യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ജൂലൈ മൂന്നിന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.
ചിത്രത്തിന് റിലീസ് അനുമതി നൽകുന്നതിന് മുൻപായി ചില മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ തുടക്കത്തിലെ ഡിസ്‌ക്ലൈമർ തിരുത്താനും എല്ലാ ഗാനങ്ങൾക്കും ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നൽകാനുമാണ് ബോർഡ് നിർദേശിച്ചത്. ആളുകളെ കുത്തി മുറിവേൽപ്പിക്കുന്ന രംഗങ്ങളുടെ തീവ്രത കുറയ്ക്കാനും പകരം ഷോട്ടുകൾ ചേർക്കാനുമായിരുന്നു മറ്റൊരു നിർദേശം.
ഇവയ്ക്ക് പുറമേ, 35ാം മിനുട്ടിലുള്ള ഒരു വാക്ക് നീക്കം ചെയ്യാനും 38ാം മിനുട്ടിലെ മറ്റൊരു ദൃശ്യത്തിൽ മാറ്റം വരുത്താനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപാന രംഗങ്ങൾ വരുന്നയിടങ്ങളിലെല്ലാം നിയമപരമായ മുന്നറിയിപ്പ് കാണിക്കാനും നിർദേശമുണ്ട്. രണ്ട് മണിക്കൂർ 20 മിനിറ്റ് 48 സെക്കൻഡാണ് ചിത്രത്തിന്റെ അംഗീകൃത ദൈർഘ്യം.
വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ('ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3', 'വാർ', 'വാർ 2', 'പഠാൻ' എന്നിവയ്ക്ക് ശേഷമുള്ള) ഏഴാമത്തെ ചിത്രമാണ് 'ആൽഫ'. മാസ് ആക്ഷൻ റോളുകളിലാണ് ചിത്രത്തിൽ ആലിയ ഭട്ടും ഷർവരിയും എത്തുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയ്‌ലർ നടിമാരുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. അനിൽ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
തിരക്കഥ: സൗമിൽ ശുക്ല, ശ്രീധർ രാഘവൻ, ഛായാഗ്രഹണം: റുബൈസ്, സംഗീതം: രോഹൻഷ്, അബീർ, ഗാനരചന: കുമാർ, അൻവിത ദത്ത്, കൗസർ മുനീർ, രോഹൻഷ്, അബീർ, സംഭാഷണം: ഇഷിത മൊയ്ത്ര, കഥ: ഉദയ് ചോപ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: ഋഷഭ് ചോപ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പദം ഭൂഷൺ, ചിത്രസംയോജനം: ആരിഫ് ഷെയ്ഖ്, പ്രൊഡക്ഷൻ ഡിസൈനർമാർ: സുബ്രത ചക്രവർത്തി, അമിത് റേ, ആക്ഷൻ ഡയറക്ടർമാർ: ക്രെയ്ഗ് മക്റേ, സുനിൽ റോഡ്രിഗസ് (ROD), ശബ്ദലേഖനം: ഗണേഷ് ഗംഗാധരൻ, ദേബാശിഷ് മിശ്ര, പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര, വസ്ത്രാലങ്കാരം: അകി നരുല, നടാഷ വോഹ്റ, ദീപാലി സിംഗ് റസീൻ, ഗുൻപ്രീത് കൗർ മാൻ, നൃത്തസംവിധാനം: വിജയ് ഗാംഗുലി, ബോസ്കോ ലെസ്ലി മാർട്ടിസ്, വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോ: yFX, കാസ്റ്റിങ് ഡയറക്ടർ: ഷാനു ശർമ.