MOVIES

മൊട്ടത്തല, ദേഹമാസകലം രോമം, കൂർത്ത നഖങ്ങളും... അല്ലു അർജുൻ- അറ്റ്‍ലി ചിത്രം 'രാക്ക' പോസ്റ്റർ

മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ള രൂപത്തിലായിരിക്കും അല്ലു എത്തുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന

Author : ന്യൂസ് ഡെസ്ക്

ആരാധകർകാത്തിരുന്ന അല്ലു അർജുൻ, അറ്റ്ലി ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. അല്ലുവിന്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആരാധകരുടെ ആവേശം വാനോളമുയർത്തിക്കൊണ്ട് എത്തുന്ന ചിത്രത്തിന് 'രാക്ക' എന്നാണ് പേര് നൽകിയിരിക്കുന്നത്. '

പുഷ്പ'യ്ക്ക് ശേഷമുള്ള അല്ലുവിന്‍റെ ഈ വമ്പൻ പ്രൊജക്റ്റിൽ താരം മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപത്തിലായിരിക്കും എത്തുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്‍റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT